ഇറിഗേഷന്‍ വകുപ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാര്‍ ജീവനക്കാരല്ല; പകരം പാമ്പും എലിയും
ഇരിങ്ങാലക്കുട: ഒരു കാലത്ത് കാട്ടൂര്‍ തെക്കുംപാടം പാടശേഖരങ്ങളിലെ നെല്‍കൃഷിക്കുള്ള വെള്ളം കനാലില്‍ നിന്നും പമ്പ് ചെയ്തിരുന്നിടമാണു കോതറ പമ്പ് ഹൗസ്. കെഎല്‍ഡിസി കനാലില്‍ കാട്ടൂര്‍, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉപ്പുംതുരുത്തി പാലത്തിനു സമീപമാണ് ഈ പമ്പ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. കോള്‍പാടത്ത് കൃഷി ഇറക്കുന്ന സമയത്ത് കോള്‍ പ്രദേശത്തെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്നതിനും കൃഷിക്കാവശ്യമായ സമയത്ത് വെള്ളം കനാലില്‍ നിന്നും പാടശേഖരത്തിലേക്ക് പമ്പ് ചെയ്യുന്നതിനുമാണ് പമ്പ് ഹൗസ് സ്ഥാപിച്ചത്. പാലം നിര്‍മാണം പൂര്‍ത്തിയായതോടെ കിഴക്ക് പ്രദേശത്ത് ബണ്ടിനു സമീപം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മൂന്ന് പെട്ടിയും പറയും സ്ഥാപിച്ചു. ഇതോടെ ഈ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിശ്ചലമായി.
2010ല്‍ പമ്പ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സമീപത്തെ ചെറിയ പമ്പ് ഹൗസുകളിലെ ഓപ്പറേറ്റര്‍മാര്‍ക്കു താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്സാക്കി ഇതിനെ മാറ്റി. ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണ് ഈ ക്വാര്‍ട്ടേഴ്സും 19 സെന്റ് സ്ഥലവും. സര്‍ക്കാരിന്റെ രേഖകളില്‍ ഇപ്പോഴതു ക്വാര്‍ട്ടേഴ്സ് എന്ന പേരിലാണ് കിടക്കുന്നത്. എട്ടു വര്‍ഷം മുമ്പ് വരെ പമ്പ് ഹൗസിനോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്സില്‍ ജീവനക്കാരന് താമസിച്ചിരുന്നു. ഇവിടെ നിന്നും അവസാനത്തെ ജീവനക്കാരനും താമസം മാറ്റിയതോടെ ഈ ക്വാര്‍ട്ടേഴ്സ് മന്ദിരം അധികൃതരുടെ അനാസ്ഥമൂലം അനാഥമായി. ഇതോടെ ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
പകല്‍ സമയത്തുപോലും അനാശാസ്യ പ്രവര്‍ത്തനങ്ങളെപറ്റിയുള്ള പരാതി ഉയര്‍ന്നിരുന്നു. മുമ്പ് ഇവിടെ താല്കാലിക ജീവനക്കാരന് ഇവിടുത്തെ 19 സെന്റ് സ്ഥലത്ത് വാഴകൃഷിക്കായി സ്വന്തം ചിലവില്‍ മോട്ടോര്‍ വാങ്ങിയെങ്കിലും അത് കളവുപോയിരുന്നു. ഇപ്പോള്‍ ഈ കെട്ടിടം കാടുകയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെ വാസസ്ഥലമാണിപ്പോള്. അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ കെട്ടിടം തകര്‍ച്ചയുടെ ഭീഷണിയിലാണ്. ഈ പമ്പ് ഹൗസിനുള്ളില്‍ പൈപ്പുകള്‍ ഉണ്ടെങ്കിലും അതു തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയ അവസ്ഥയിലാണ്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.