നിയോജക മണ്ഡലത്തില്‍ ഹോമിയോ ചികിത്സയ്ക്കുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തില്‍ ഹോമിയോ ചികിത്സയ്ക്കുള്ള കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 34 ലക്ഷം രൂപ ഉപയോഗിച്ച് കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഹോമിയോ ഡിസ്പെന്‍സറിക്കായുള്ള കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയും ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുളള മികവിന്റെ അടിസ്ഥാനത്തില്‍ ഹോമിയോ ചികിത്സയുടെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു മോഹന്‍ നന്ദിയും പറഞ്ഞു.