റോഡുകളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തിയ കരാറുകാരന് ഒരു വര്‍ഷം പിന്നിട്ടിട്ടും പണം ലഭിച്ചില്ല
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള പ്രധാന റോഡുകളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തിയ കരാറുകാരന് ഒരു വര്‍ഷം പിന്നിട്ടിട്ടും പണംലഭിച്ചീട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നഗരത്തിലെ പ്രധാന റോഡുകളായ ബൈപ്പാസ് റോഡ്, ഠാണാ റോഡ് ക്രൈസ്റ്റ് കോളജ് റോഡ്, ബസ് സ്റ്റാന്‍ഡ് എകെപി ജംഗ്ഷന് റോഡ്, ഞവരിക്കുളം റോഡ് എന്നീ അഞ്ച് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ മുരിയാട് സ്വദേശി റോജോവിനാണ് ഈ ഗതികേട്. അടിയന്തര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 18, 19 , 20 തീയതികളായി പണികള്‍ പൂര്‍ത്തീകരിച്ചത്.
ഇതില്‍ ബസ് സ്റ്റാന്‍ഡ് എകെപി ജംഗ്ഷന് റോഡില്‍ സണ്ണി സില്‍ക്ക്സിന് മുന്നിലുള്ള കുഴികള്‍ നികത്തണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. 50,000 രൂപയായിരുന്നു അടങ്കല്‍ തുക. പണി പൂര്‍ത്തീകരിച്ചിട്ട് 14 മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്ത സാഹചര്യമാണെന്ന് കരാറുകാരന് പറയുന്നു. ഇതു സംബന്ധിച്ച് നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. പണം ലഭിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കരാറുകാരന് സൂചിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം പട്ടണത്തിലെ റോഡുകളിലെ അറ്റകുറ്റപ്പണികള്‍ നീളുകയാണ്. വാഹനാപകടമരണത്തിന് കാരണമായ, രണ്ട് ഭരണകക്ഷി അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന മാര്‍ക്കറ്റ് റോഡിലെ കുഴികള്‍ നികത്താനും നടപടി ആയിട്ടില്ല. സമയത്തിന് പണം ലഭിക്കാത്തത് കൊണ്ട് കരാറുകാര്‍ അറ്റകുറ്റപ്പണികള്‍ എറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.