റോഡിലെ കുഴിയില്‍ വീണ് യുവാവിന്റെ മരണം; കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം
ഇരിങ്ങാലക്കുട : വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അതിയായ ദുഖമുണ്ടെന്നും കുടുംബത്തോടൊപ്പം നില്‍ക്കുകയാണെന്നും സംഭവത്തെ ആരും രാഷ്ട്രീയമായി കാണരുതെന്നും കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ പറഞ്ഞു. ചെയര്‍പേഴ്സണ്‍ മാപ്പ് പറയുക, യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള പ്ലാക്കാര്ഡുമായിട്ടാണ് എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ നഗരസഭാ യോഗത്തിന് എത്തിയത്.
തന്റെ ശബ്ദം വേറെ രീതിയില്‍ പ്രയോഗിച്ചതാണെന്ന വിശദീകരണത്തോടെയാണ് നിശ്ചിത അജണ്ടകള്‍ക്ക് മുമ്പ് ചെയര്‍പേഴ്സണ്‍ സംസാരിച്ച് തുടങ്ങിയത്. ചെയര്‍പേഴ്സണ്‍ പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ്, ബിജെപി അംഗങ്ങളും ചെയര്‍പേഴ്സനെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങളും സീറ്റുകളില്‍ നിന്ന് എഴുന്നേല്ക്കുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും ചെയ്തതോടെ യോഗം ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം ചെയര്‍പേഴ്സണ്‍ വിശദീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നഗരസഭ പരിധിയിലെ റോഡുകളുടെ കുഴികളില്‍ അടയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ഉള്ളത് കൊണ്ടാണ് പണികള്‍ ആരംഭിക്കാന്‍ വൈകുന്നതെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പദ്ധതി സമര്‍പ്പിച്ചുവെങ്കിലും ഡിപിസിയില്‍ നിന്ന് അംഗീകാരം ലഭിച്ചില്ലെന്ന് പൊതുമരാമത്ത് കമ്മിറ്റി ചെയര്മാന് ജെയ്സന് പാറേക്കാടന്‍ പറഞ്ഞു.
കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ടിരിക്കുന്ന നഗരസഭ പരിധിയില്‍ ഉള്‍പെടുന്ന ക്രൈസ്റ്റ് കോളേജ് റോഡ്, ഠാണാ റോഡ് എന്നിവ പുനര്‍ നിര്‍മിക്കാന്‍ നടപടി ആവശ്യപ്പെടണമെന്ന് യോഗത്തില്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി ആവശ്യപ്പെട്ടു. മരണത്തിന്റെ പേരില്‍ സഹകരണ ആശുപത്രി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെടുന്നവര്‍ മരണമടഞ്ഞ നിക്ഷേപകരുടെ പേരില്‍ കരുവന്നൂര്‍ ബാങ്ക് അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെടുമോയെന്ന് ഭരണകക്ഷി അംഗം പി.ടി. ജോര്‍ജ് ചോദിച്ചു. അപകടത്തിന് ഇടയാക്കിയ കുഴികള്‍ അടച്ചത് തങ്ങളാണെന്നും വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും എല്‍ഡിഎഫ് അംഗം സി.സി. ഷിബിൻ പറഞ്ഞു.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. കെ.ആര്. വിജയ, അല്‍ഫോണ്‍സ തോമസ്, ബൈജു കുറ്റിക്കാടന്‍, എം ആര് ഷാജു, ബിജു പോള്‍, അമ്പിളി ജയന്, കെ. പ്രവീണ്‍, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് , ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.ജി. അനില്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.