റോഡാകെ കുഴികള്‍; പൊറുതിമുട്ടി ജനങ്ങള്‍
ഇരിങ്ങാലക്കുട : നഗരയാത്ര നരകയാത്രയാകുന്നു. തിരക്കേറിയ സ്ഥലങ്ങളില്‍ വഴിയാത്രക്കാര്‍ക്കും ബൈക്കടക്കമുള്ള ചെറുവാഹനങ്ങളിലെ യാത്ര ഒരു ഞാണിന്ന്മേല് കളിയാണ്. ഏത് സമയത്താണ് റോഡിന്റെ നടുക്കുള്ള കുഴികള്‍ മരണകെണിയാകുന്നതെന്ന് പറയുക അസാധ്യം. നഗരത്തിലെ പ്രധാനവഴികളിലൂടെയുള്ള ബസ് യാത്രയും ഒരു അനുഭവമാണ്. ഈ റോഡുകളിലൂടെ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചിരിക്കുന്നത് നല്ലതാണ്. മുന്നിലത്തെ സീറ്റുകളിലോ, കമ്പികളിലോ, മുറുകെ പിടിച്ചിരുന്നില്ലെങ്കില്‍ യാത്രക്കാര്‍ ബസിനകത്തോ, പുറത്തേക്കോ തെറിച്ചുവീഴും എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. കുഴികളില്‍വീണ് അപകടം കൂടുന്നെന്ന ആക്ഷേപം ശക്തമായതോടെ സംസ്ഥാനപാതയിലെ കെ.എസ്.ടി.പി അധികൃതര്‍ കുഴികളടക്കുവാന് ശ്രമം ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റോഡില്‍ മാര്‍വല്‍ ജംഗ്്ഷനു സമീപമുള്ള കുഴികളിലാണ് കോണ്‍ക്രീറ്റിട്ടത്. എന്നാല്‍, ഇതേ റോഡില്‍ ക്രൈസ്റ്റ് കോളജ് ജങ്ഷന് ഭാഗത്തെ വലിയ കുഴികള്‍ അടച്ചിട്ടുമില്ല. കുടിവെള്ളപദ്ധതിക്കായി പൈപ്പിട്ടതിനെത്തുടര്ന്ന് റോഡില്‍ രൂപപ്പെട്ട കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ പതിവായി അപകടത്തില്പ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ മാത്രം കോണ്‍ക്രീറ്റിട്ട് അടയ്ക്കുകയും കുടിവെള്ളപദ്ധതിയ്ക്കായി പൈപ്പ് ലൈന്‍ വലിച്ചതിന്റെ ഭാഗമായുണ്ടായ വലിയ കുഴികള്‍ ഒഴിവാക്കുകയും ചെയ്തതിനെതിരേ നാട്ടുകാര്‍ പണി തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസെത്തി കെ.എസ്.ടി.പി. അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പൈപ്പ് ലൈനിട്ട് റോഡിലെ കുഴികളടയ്ക്കാനും ധാരണയായായിരുന്നു. എന്നാല്‍, കുഴികള്‍ പൂര്‍ണമായും അടച്ചിട്ടില്ലെന്നാണ് നാട്ടുക്കാരുടെ പരാതി.
റോഡ് നന്നാക്കുക: ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട – മുന്‍സിപ്പല്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡിലെ കുഴിയില്‍ വീണ് മരിച്ച ബിജോയിയുടെ മരണത്തിന് ഉത്തരവാദികളായ മുനിിപ്പല് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നാവശ്യപെട്ടു കൊണ്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി മുന്‍സിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍ ലക്ഷ്മണന് അധ്യക്ഷനായി. ശരത് ചന്ദ്രന്, നവ്യകൃഷ്ണ എന്നിവര്‍ സംസാരിച്ചു.