നവകേരള സദസിന്റെ നഗരസഭാതല സംഘാടകസമിതി രൂപീകരണയോഗം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : നവകേരള സദസിന് ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും സംഘാടകസമിതികളുടെ രൂപീകരണം പൂര്‍ത്തിയായതായി മന്ത്രി ആര്, ബിന്ദു അറിയിച്ചു. കാട്ടൂര്‍, വേളൂക്കര, ആളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും സംഘാടകസമിതികള്‍ രൂപീകരിച്ചതോടെ മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും നവകേരള സദസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പഞ്ചായത്തു പ്രസിഡന്റുമാര്‍ ചെയര്മാന്മാരായും പഞ്ചായത്തു സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരായും 501 അംഗ സ്വാഗതസംഘമാണ് ഓരോ പഞ്ചായത്തിലും രൂപീകരിച്ചത്.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന നഗരസഭാതല സംഘാടകസമിതി രൂപീകരണയോഗം മന്ത്രി ബിന്ദു ഉദ്ഘാടനംചെയ്തു. നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.കെ. ആര്. വിജയ അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സി.സി. ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, അഡ്വ. ജിഷ ജോബി, കലാനിലയം രാഘവന്, സദനം കൃഷ്ണന്‍കുട്ടി, ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, പ്രഫ.വി.കെ. ലക്ഷ്മണന്‍നായര്‍, ആര്ഡിഒഎസ് ഷാജി, ഡിവൈഎസ്പി ടി.കെ. ഷൈജു, നഗരസഭ സൂപ്രണ്ട് ഹസീന ബീഗം തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ ആറിനാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നവകേരള സദസ്.