ബസോടിച്ചത് ആർടിഒ നിർദേശിച്ച സമയത്ത്; പിഴയടച്ചു മടുത്ത് മോഹനൻ
ഠ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനും പുല്ലുവില
ഠ ഓഫീസുകൾ കയറിയിറങ്ങിയിട്ടും നടപടിയില്ല
ഇരിങ്ങാലക്കുട: ആർടിഒ നിർദേശിച്ച സമയത്തു ബസ് ഓടിച്ച മോഹനൻ ഗതാഗതവകുപ്പിന്റെ പിഴയടച്ചു മടുത്തു. തൃപ്രയാർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന നിമ്മിമോൾ ബസുകളുടെ ഉടമയാണ് എടത്തിരുത്തി സ്വദേശിയായ അറുപത്തിനാലുകാരനായ മോഹനൻ കാട്ടിക്കുളം. 20 വർഷം ബഹ്റൈനിലും ഇറാഖിലും ജോലിചെയ്ത് മോഹനൻ സമ്പാദിച്ചതാണു ബസുകൾ. രണ്ടായിരത്തിൽ നാട്ടിലെത്തി.
2005ൽ രണ്ടു ബസ് വാങ്ങി ഇരിങ്ങാലക്കുട-തൃപ്രയാർ റൂട്ടിൽ സർവീസ് തുടങ്ങി. ഒരു ബസ് പുറപ്പെട്ട് പത്തുമിനിറ്റു കഴിഞ്ഞായിരുന്നു അടുത്ത ബസിനുള്ള സമയം. 2010 ജൂലൈ ഏഴിന് പുറപ്പെടുവിച്ച പുതിയ സർവീസ്ടൈം ഷെഡ്യൂൾ പ്രകാരം രണ്ടു ബസുകളും തൃപ്രയാറിൽനിന്ന് 9.50ന് പുറപ്പെടണമെന്നായി. ഇതു ചൂണ്ടിക്കാട്ടിയപ്പോൾ ക്ലറിക്കൽ പ്രശ്നമാണെന്നും തിരുത്തുമെന്നും അറിയിച്ചു.
പഴയ സമയത്തു സർവീസ് നടത്താനുള്ള ആർടിഒയുടെ വാക്കാലുള്ള നിർദേശം വിശ്വസിച്ചു സർവീസ് നടത്തിയതോടെ വലിയ പിഴ ചുമത്തി. അവസാനമായി 7,500 രൂപ പിഴയടച്ചത് ഒക്ടോബർ ഏഴിന്. 2010 ജൂലൈ ഏഴിനു വരുത്തിയ തെറ്റ് ഇതുവരെ തിരുത്തിയില്ല. ഇതിനായി ഓഫീസുകൾ കയറിയിറങ്ങി സഹികെട്ടു. മോഹനൻ നൽകിയ പരാതിയിൽ പ്രശ്നം ഒരു മാസത്തിനുള്ളിൽ പരിഹരിക്കണമെന്നു മനുഷ്യാവാകാശ കമ്മിഷൻ 2023 മേയ് ആറിന് ഉത്തരവിട്ടതാണ്. മോഹനന്റെ പരാതി ന്യായമാണെന്നും ക്ലറിക്കൽ തെറ്റു കാരണമുണ്ടായ സമയപ്രശ്നം ഉടൻ പരിഹരിക്കുമെന്നും ആർടിഒ മനുഷ്യാവകാശ കമ്മിഷനു മുന്നിൽ രേഖാമൂലം ഉറപ്പുനൽകിയതാണ്.
മോഹനന്റെ ബസുകൾക്ക് നേരെയുള്ള നടപടികൾ മുമ്പും വാർത്തയായി. തൃപ്രയാറിൽനിന്ന് ഇരിങ്ങാലക്കുട ഠാണാവുവരെ സർവീസ് നടത്തേണ്ട ബസ് തകരാറിനെത്തുടർന്നു സർവീസ് പൂർത്തിയാക്കിയില്ല. സർവീസ് പൂർത്തിയാക്കാത്തതിനും ബസ് വഴിയരികിൽ നിർത്തിയിട്ടതിനും മോഹനന് റോഡ് ട്രാൻസ്പോർട്ട് അധികൃതർ 7500 രൂപ പിഴയിട്ടു. തൃപ്രയാർ മുതൽ ഠാണാവുവരെയണ് ബസുകൾക്ക് സർവീസ് നടത്താൻ അനുമതി. അതുപ്രകാരം മോഹനന്റെ ബസുകൾ സർവീസ് നടത്തി. എന്നാൽ, തൃപ്രയാറിൽനിന്നുള്ള ബസുകൾ ഠാണാവിലെത്താതെ ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കണമെന്നു ആർടിഒ പുതിയ ഉത്തരവിറക്കിയിരുന്നു. ഇതറിയാതെ ഒരുദിവസം ഠാണാവുവരെ സർവീസ് നടത്തിയതിനു മുമ്പു വിശദീകരണവും നൽകേണ്ടിവന്നു.