തൊമ്മാന – വല്ലക്കുന്ന് റോഡ് അപകട ഭീഷണിയിൽ
പുല്ലൂർ: പോട്ട- മൂന്നുപീടിക സംസ്ഥാന പാതയിൽ തൊമ്മാനമുതൽ വല്ലക്കുന്നുവരെയുള്ള ഭാഗം അപകടഭീഷണിയിൽ. കഴിഞ്ഞ ദിവസം റോഡിനോടു ചേർന്നുള്ള ഇരുവശങ്ങളിലെയും കാടും പടലവും വെട്ടിത്തെളിച്ചപ്പോഴാണ് അപകട സാധ്യത വ്യക്തമായത്. പാടശേഖരത്തോടു ചേർന്നുള്ള റോഡരികിലാണ് അപകടസാധ്യതയേറെ. ഈ ഭാഗത്തെ റോഡിന്റെ വീതികൂട്ടി ഇരുവശവും കെട്ടി ബലപ്പെടുത്തണമെന്ന ആവശ്യവും ശക്തമായി.
നടപ്പാതയില്ലാത്തതിനാൽ കാൽനടക്കാരും അപകട ഭീതിയിലാണ്. റോഡരിക് ഏതുനിമിഷവും ഇടിയുന്ന അവസ്ഥയിൽ. കരിങ്കല്ലു പാളികൾ പലതും അടർന്ന നിലയിലാണ്. റോഡിൽനിന്നു പാടത്തേക്കു വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങളേറിയതോടെയാണു പ്രതിഷേധങ്ങൾക്കൊടുവിൽ സംരക്ഷണ കാലുകൾ സ്ഥാപിച്ചത്.
മഴക്കാലത്ത് സ്ഥിരം വെള്ളക്കെട്ട് രൂപപെടുന്നതിനാൽ റോഡിനു ബലക്കുറവുണ്ടെന്നു വർഷങ്ങൾക്കുമുന്പെയുള്ള പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭാരവാഹനങ്ങളും ഇടിയാൻ സാധ്യതയുള്ള ഭാഗമൊഴിവാക്കിയാണു സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകളിലും ഈ മേഖല ഉൾപ്പെട്ടിട്ടുണ്ട്.