കെഎസ്ഇബി ഫ്യൂസ് ഊരി: ഊരകത്ത് കുടിവെള്ളം മുടങ്ങിയിട്ട് 5 മാസം
ഇരിങ്ങാലക്കുട: ഊരകം പ്രദേശത്തു കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ചുമാസമെന്നു പരാതി. മുരിയാട് പഞ്ചായത്തിലെ ഊരകം കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് കഐസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണു ജലവിതരണം മുടങ്ങിയത്.
വൈദ്യുതി ബിൽ അടയ്ക്കാൻ ഗുണഭോക്താക്കളിൽനിന്ന് പിരിച്ചെടുക്കുന്ന സംഖ്യ കെഎസ്ഇബിയിൽ അടയ്ക്കാത്തതാണു ഫ്യൂസ് ഊരാൻ കാരണം. ഈ പ്രദേശത്തുള്ള മറ്റൊരു കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധം പഞ്ചായത്തിൽനിന്ന് പണമടച്ചാണു പുനഃസ്ഥാപിച്ചത്. അന്നും ഗുണഭോക്താക്കളിൽനിന്നു പിരിച്ചെടുത്ത പണം കെ എസ്ഇബിയിൽ അടച്ചിരുന്നില്ല.
അടുത്ത വീടുകളിലെ കിണറുകളിൽനിന്നും ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്നുമാണു നാട്ടുകാർ ആവശ്യങ്ങൾ നിറവേറ്റുന്നത്. കിണറ്റിലെ വെള്ളം താഴ്ന്നതോടെ അതിനും ബുദ്ധിമുട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഗുണഭോക്തൃസമിതി വിളിച്ചു ചേർത്ത് കണക്കുകൾ അവതരിപ്പിക്കണമെന്നും കെ എസ്ഇബിയിൽ തുകയടച്ചു വെള്ളം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോണ്ഗ്രസ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് എം.കെ. കലേഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ചു മാസമായി വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് പ്രവർത്തകർ പമ്പ് ഹൗസിൽ റീത്ത് സമർപ്പിച്ചു.