ലോകാരോഗ്യ സംഘടനാ സഹായക സാങ്കേതികവിദ്യാ പാഠാവലി: നിപ്മറിന് ചുമതല
ഇരിങ്ങാലക്കുട: ലോകാരാഗ്യ സംഘടന ലോകത്ത് 16 ഭാഷകളില്‍ തയാറാക്കുന്ന സഹയക സാങ്കേതിക വിദ്യാ പാഠാവലി മലയാളത്തിലും. പാഠാവലി തയാറാക്കുന്നതിന്റെ ചുമതല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍). ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലോകത്ത് 2.5 ശതകോടി ജനങ്ങള്‍ക്കാണ് വിവിധ സഹായക ഉപകരണങ്ങള്‍ ആവശ്യമുള്ളതായി ലോകാരോഗ്യ സംഘടയുടെയും യൂനിസെഫിന്റെയും പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 2050ല്‍ 3.5 ശതകോടി ആളുകള്‍ക്ക് ഇത് ആവശ്യമായി വരുമെന്നും പഠനം വ്യക്തമാക്കുന്നു.
കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദൈനംദിന ആവശ്യം നിറവേറ്റുന്നതിന് ഇത്തരം ഉപകരണങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. വീല്‍ചെയര്‍, ക്രെച്ചസ്, ഊന്നുവടികള്‍ എന്നിവകള്ക്കുപരി ചലന സഹായികള്‍, ശ്രവണ സഹായികള്‍, കാഴ്ച്ച സഹായികള്‍, ഓര്മ്മസഹായികള്, പരിചരണ സഹായികള്‍ എന്നിങ്ങനെ വിവിധ തരം സഹായക ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം ഉപകരണങ്ങളുടെ തെരഞ്ഞെടുപ്പ്, ഉപയോഗം, പരിശീലനം, പരിപാലനം എന്നിവ സംബന്ധിച്ച്,ആവശ്യക്കാര്‍, വിദഗ്ദ്ധര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഒരു സഹായക ഉപകരണ പരിശീലന പഠാവലി ഇംഗ്ലീഷ് ഭാഷയില്‍ ലോകാരോഗ്യ സംഘടന അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാണ് അറബ്, നേപ്പാളി, മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നത്.
നിപ്മര്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ സി.ചന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് പാഠാവലി മലയാളത്തില്‍ തയാറാക്കുന്നത്. പൂര്‍ത്തിയായാലുടന്‍ ഈ പഠാവലി ഉപയോഗിച്ച് തൃശ്ശൂര്‍ ജില്ലയിലെ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. ആളൂരില്‍ ആവശ്യമായവരെ കണ്ടെത്തി ലോകാരോഗ്യ സംഘടനയുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ സഹായക ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യും. ഈ പൈലറ്റ് പദ്ധതിയില്‍ നിന്നും ഉള്‍കൊള്ളുന്ന പാഠം ഇന്ത്യയില്‍ ആകെ വ്യാപിപ്പിക്കാനാണ് ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ലക്ഷ്യം വയ്ക്കുന്നത്.