സംരക്ഷണഭിത്തി തകര്‍ന്നും കാടുകയറിയും മുടിച്ചിറ; ഒന്നര വര്‍ഷമായിട്ടും നവീകരണം ആരംഭിക്കാനായില്ല
പുല്ലൂര്‍: അരികിടിഞ്ഞ് സംരക്ഷണഭിത്തിയടക്കം തള്ളിപ്പോയി കാടുകയറിയ മുടിച്ചിറയുടെ നവീകരണം ഒന്നര വര്‍ഷമായിട്ടും ആരംഭിക്കാനായില്ല. മുരിയാട് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലെ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായാണ് രണ്ടു വര്‍ഷം മുന്‍പ് മുടിച്ചിറ നവീകരണം ആരംഭിച്ചത്. ചണ്ടിയും കാടും മാറ്റുന്നതിനും ആഴംകൂട്ടി ജലം സംഭരിക്കുന്നതിനുമാണ് പദ്ധതി വിഭാവന ചെയ്തത്. മുന്‍ എം.എല്‍.എ. കെ.യു. അരുണന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള 35 ലക്ഷവും ജലസേചനവകുപ്പിന്റെ നഗരസഞ്ചയികാ പദ്ധതിപ്രകാരമുള്ള 39 ലക്ഷവും ഉപയോഗിച്ചായിരുന്നു നവീകരണം. ഇതിനിടയില്‍ 2022 മേയിലുണ്ടായ കനത്ത മഴയില്‍ ചിറയുടെ പ്രധാനഭാഗത്തെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയടക്കം മണ്ണിടിഞ്ഞ് തകര്‍ന്നുവീണു.
സംഭവത്തെത്തുടര്‍ന്ന് മന്ത്രി ആര്. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവരും ജില്ലാ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും പരിശോധന നടത്തി. ചിറയുടെ നവീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. മുളകള്‍ ഉപയോഗിച്ച് താത്കാലികമായി കെട്ടിയെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ല. കോണ്‍ക്രീറ്റ് മതിലും തൂണുകളുമെല്ലാം കാടുകയറി തിരിച്ചറിയാന്‍ കഴിയാതെ മൂടിപ്പോയ നിലയിലാണിപ്പോള്‍. പുല്ലും കാടും നീക്കി ചിറയുടെ നവീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മുടിച്ചിറയില് വെള്ളം സംഭരിക്കാനാകുകയുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗര സഞ്ജയ്ക പദ്ധതിപ്രകാരം കരിങ്കല്ല് ഉപയോഗിച്ച് മുടിച്ചിറയുടെ സംരക്ഷണഭിത്തി കെട്ടുന്നതു മാത്രമാണ് പഞ്ചായത്ത് നടപ്പാക്കിയതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. അത് പൂര്‍ത്തിയായി രണ്ടുവര്‍ഷം പിന്നിട്ടു.
എം.എല്‍.എ. ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഭാഗത്താണ് അരികിടിഞ്ഞത്. ഇതിന്റെ നിര്‍വഹണച്ചുമതല ജില്ലാ പഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്കാണ്. ഇക്കാര്യത്തില്‍ ഗ്രാമപ്പഞ്ചായത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും പഞ്ചായത്തില്‍പ്പെട്ട ചിറയായതിനാല്‍ പദ്ധതി വേഗം നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ മുടിച്ചിറ തകര്‍ന്നുവീണ് ഒന്നര വര്‍ഷമായിട്ടും അത് പുനര്നിര്മിക്കാനന് അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉ്ടാകാത്തത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. ചിറ തകര്‍ന്ന് ഇത്ര നാളായിട്ടും അതില്‍നിന്ന് മാലിന്യം നീക്കാനോ, മുടിച്ചിറ ഉപയോഗപ്രദമാക്കാനോ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അതിനാല്‍ എത്രയും വേഗം ചിറയുടെ അരികിടിഞ്ഞ ഭാഗം ഉടന്‍ പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.