ആദ്യം പണിതുയര്‍ത്താം പിന്നെ നശിപ്പിക്കാം…. 35 ലക്ഷം രൂപ ചെലവിട്ടതിന്റെ ഗുണം ആര്‍ക്ക് ?
വനിതകള്‍ക്കുവേണ്ടി നിര്‍മിച്ച വ്യവസായ പരിശീലന കേന്ദ്രത്തില്‍ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല
ഇരിങ്ങാലക്കുട: ആദ്യം പണിതുയര്‍ത്താം പിന്നെ നശിപ്പിക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു ഇരിങ്ങാലക്കുട നഗരസഭാ 14-ാം ഡിവിഷനില്‍ ആസാദ് റോഡിലുള്ള ജവഹര്‍ കോളനി പരിസരത്തെ വനിതാ വ്യവസായ കേന്ദ്രം. 35 ലക്ഷം രൂപ ചെലവാക്കി പണിതിട്ടുള്ള ഈ കെട്ടിടം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇവ സംരക്ഷിക്കാനോ പ്രവര്‍ത്തനസജ്ജമാക്കാനോ നഗരസഭ അധികൃതര്‍ക്കു കഴിയുന്നില്ല. വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി ആരംഭിച്ച കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് പത്തുവര്‍ഷം ആകുമ്പോഴും നഗരസഭയ്ക്ക് തുറക്കാനായില്ല.
2014 ഫെബ്രുവരി 14 നു മന്ത്രി കെ. ബാബുവാണ് വനിതാവ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പട്ടികജാതി വികസന ഫണ്ടില്‍നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് ഏകദേശം രണ്ടായിരം ചതുരശ്രയടിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഇതുവരെ വ്യവസായകേന്ദ്രം തുറക്കാനോ വനിതകള്‍ക്ക് പരിശീലനം ലഭ്യമാക്കാനോ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. രണ്ടുനിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിലെ വാതിലുകളടക്കമുള്ളവ നശിച്ച നിലയിലാണ്.
കെട്ടിടത്തിന് ചുറ്റുമതില്‍ കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ഗേറ്റുകളിലൊന്ന് തകര്‍ന്നുകിടക്കുകയാണ്. കെട്ടിടത്തിലേക്കാവശ്യമായ വൈദ്യുതിയും വെള്ളവും എത്തിക്കാനുമായിട്ടില്ല. വ്യവസായ പരിശീലനകേന്ദ്രത്തില്‍ മൂന്നുവര്‍ഷംമുമ്പ് പത്ത് തയ്യല്‍ മെഷീനുകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഒരു ഗുണവും ഉണ്ടായില്ല. രണ്ട് കിണറുകള്‍ ഇവിടെയുണ്ട്. നല്ലവണ്ണം വെള്ളം ലഭിക്കുന്ന കിണര്‍ ഉള്ളപ്പോള്‍ത്തന്നെ മറ്റൊരു കിണര്‍ നിര്‍മിക്കുകയായിരുന്നു. ഇതില്‍നിന്ന് കോളനിനിവാസികള്‍ക്ക് വെള്ളമെടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ആരും ഉപയോഗിക്കുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. വനിതാക്ഷേമം ലക്ഷ്യമാക്കി നിര്‍മിച്ച പരിശീലനകേന്ദ്രത്തെ സംരക്ഷിക്കാന്‍ വനിതകള്‍ ഭരിക്കുന്ന നഗരസഭയ്ക്ക് സാധിക്കുന്നില്ലെന്നത് അപഹാസ്യമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.