മാപ്രാണം സെന്ററില്‍ എട്ടോളം കടകളില്‍ മോഷണം; മുപ്പതിനായിരത്തോളം രൂപ കവര്‍ന്നു

മോഷണം നടന്ന മാപ്രാണം സെന്ററിലെ മാംഗോ ബേക്കേഴ്സിന്റെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍. കടയില്‍ പോലീസെത്തി പിശോധന നടത്തുന്നു.
ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിലെ കടകളില്‍ മോഷണം. സെന്റ്റില്‍ തന്നെയുള്ള മാംഗോ ബേക്കേഴ്സ്, നന്ദനം മെന്‍സ് വെയര്‍, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷനിന് അടുത്തുള്ള പച്ചക്കറികട എന്നിവടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്. ഇന്ന് രാവിലെ കടകള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഷട്ടറകളുടെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. മാംഗോ ബേക്കേഴ്സിന്റെ ചില്ലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. സോപാനം പൂജ സ്റ്റോഴ്സില്‍ നിന്നും 14000 രൂപയും ജന സേവന കേന്ദ്രത്തില്‍ നിന്നും 16000 രൂപയും നന്ദനത്തില്‍ നിന്ന് 2000 വും മാംഗോ ബേക്കേഴ്സില്‍ നിന്നും 5000 രൂപയും നഷ്ടപ്പെട്ടതായി കട ഉടമകള്‍ പറഞ്ഞു. പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന ഒരു വെട്ടുക്കത്തി പൂജ സ്റ്റോഴ്സിന്റെ ഷട്ടറിന് മുന്നില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മുഖം മൂടി ധരിച്ചുള്ള മോഷ്ടാവിന്റെ ദ്യശ്യങ്ങള്‍ സിസി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സിഐ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഉടന്‍ സ്ഥലത്ത് എത്തും. വിവരമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍മാരായ അജിത് കുമാര്‍, ബൈജു കുറ്റിക്കാടന്‍, ടി.കെ. ഷാജു എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.