സപ്തദിന ക്യാമ്പ് സമാപനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: താണിശ്ശേരി തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് നാഷണല്‍ സര്‍വ്വീസ് സ്കിമിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. സിസ്റ്റര്‍ റോസ് ആന്റോയുടെ നേതൃത്വത്തില്‍ എടക്കുളം എസ്എന്‍ജിഎസ്എസ് യുപി സ്കൂളില്‍ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് കെയര്‍ യോഗ പരിശീലനം, സിപിആര്‍ ട്രെയ്നിംഗ്, മാലിന്യ രഹിത നവകേരളം, വഴി തെറ്റുന്ന യുവത്വം, വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേയ്ക്ക് തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസ്സുകള്‍ നയിച്ചു. പരിസര ശുചീകരണം, സ്നേഹാരാമങ്ങള്‍ തയ്യാറാക്കല്‍, പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശ്രമദാനം, പൂന്തോട്ട പുന:നിര്‍മ്മാണം, നേത്രപരിശോധന, ജീവിത ശൈലി രോഗ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍, ജലസ്രോതസ് പരിസരം വൃത്തിയാക്കല്‍, ലൈബ്രറി പുന: സജ്ജീകരണം, വിജ്ഞാന സന്ദേശം നല്കുന്ന ചുവരെഴുത്ത് തുടങ്ങിയവ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. പോള്‍ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് വൊളന്റിയര്‍മാരായ ഹുസ്നുല്‍ ജമാല്‍, കെ.ജെ. സ്വരൂപ് എന്നിവര്‍ ബെസ്റ്റ് ക്യാമ്പര്‍ അവാര്‍ഡുകള്‍ നേടി. കെ. അപര്‍ണ, വി.എസ്. അഖില്‍ എന്നിവര്‍ സൈലന്റ് ഹീറോ അവാര്‍ഡുകള്‍ കരസ്ഥമാക്കി. ചടങ്ങില്‍ കെ. ജ്യോതിലക്ഷ്മി, സിസ്റ്റര്‍ റോസ് ആന്റോ എന്നിവര്‍ പ്രസംഗിച്ചു.