അമ്മന്നൂര്‍ ഗുരുകുലത്തില്‍ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയില്‍ ഗുരുകുലത്തിന്റെ മുപ്പത്തിഏഴാമത് കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. പത്മശ്രീ പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം ചെയ്തു. വേണുജിയും അമ്മന്നൂര്‍ കുട്ടന് ചാക്യാരും ഭദ്രദീപം കൊളുത്തി. ആചാര്യ വന്ദനത്തോടെ ആരംഭിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഗുരുകുലത്തിന്റെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണം പാമ്പുമേക്കാട് ജാതവേദന്‍ നമ്പൂതിരിയും പത്മശ്രി പി.കെ. നാരായണന് നമ്പ്യാര്‍ അനുസ്മരണം ഉണ്ണികൃഷ്ണന് നമ്പ്യാരും കലാമണ്ഡലം രാജീവും നടത്തി.
ഗുരുകുലം പ്രസിഡന്റ് നാരായണന് നമ്പ്യാര്‍ സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. യോഗത്തെ തുടര്‍ന്ന് ഗുരുകുലം ശ്രുതി അവതരിപ്പിച്ച കംസജനനം നങ്ങ്യാര്‍കൂത്തും അരങ്ങേറി. രണ്ടാം ദിവസമായ ചൊവ്വാഴ്ച ദൂതവാക്യം കൂടിയാട്ടം അരങ്ങേറും. കൃഷ്ണന്റെ വരവ് അറിഞ്ഞ ദുര്യോധനന് കൃഷ്ണനെ അപമാനിക്കാന്‍ വേണ്ടതെല്ലാം ചെയ്ത് പഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്ന ചിത്രപടം കാണുന്ന ഭാഗമാണ് അവതരിപ്പിക്കുന്നത്. ദുര്യോധനനായി ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ രംഗത്തെത്തും.