കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ എത്തി: നഗരസഭാ സേവനങ്ങള്‍ക്ക് ഇനി ഒറ്റ ക്ലിക്ക് ദൂരം
ഇരിങ്ങാലക്കുട: നഗരസഭയിലെ സേവനങ്ങള്‍ ഇനി കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി. തദ്ദേശ സ്വയംഭരണ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് മുഖേന തയ്യാറാക്കിയ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയാണ് സേവനങ്ങള്‍ക്ക് അപേക്ഷിക്കാനും സ്വീകരിക്കാനും പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നഗരസഭയില്‍ വരുന്ന ജനങ്ങള്‍ക്ക് പുതിയ സംവിധാനത്തില്‍ പ്രയാസം നേരിടാതിരിക്കാന്‍ വേണ്ടി നഗരസഭാ ഓഫീസില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഈ സെന്ററിന്റേയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന്റേയും ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിന് വെള്ളാനിക്കാരന്‍, കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, അസിസ്റ്റന്റ് സെക്രട്ടറി ഹസീന എന്നിവര്‍ പ്രസംഗിച്ചു.
കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനെയുള്ള എല്ലാ സേവനങ്ങളും ഇരിങ്ങാലക്കുട നഗരസഭയിലും ലഭിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക് അറിയിച്ചു. പൗരകേന്ദ്രീകൃതവും ഇടനിലക്കാരില്ലാത്തതും സുതാര്യവും അഴിമതിരഹിതവുമായ സേവനത്തിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്നും നഗരസഭയിലേക്ക് സേവനത്തിന് വരുന്നവര്‍ ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും കൊണ്ടുവരണമെന്നും ആധാര്‍ ഇല്ലാത്തവര്‍ പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി. കാര്‍ഡ് എന്നിവ ഉപയോഗിക്കേണ്ടതാണെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.