അജൈവ മാലിന്യം കുന്നുകൂടി മുരിയാട് പഞ്ചായത്ത്
അജൈവ മാലിന്യം സൂക്ഷിക്കാന്‍ മിനി എംസിഎഫുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്
മുരിയാട്: പഞ്ചായത്തിലെ ഹരിതകര്‍മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ വനിതാ വ്യവസായ ഷെഡ്ഡിന്റെ പറമ്പില്‍ മഴയും വെയിലും കൊണ്ട് നശിക്കുന്നു. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും യൂസര്‍ഫീ വാങ്ങി വീട്ടുകാരെക്കൊണ്ടുതന്നെ വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അജൈവ മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിക്കുകയാണ് ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രധാന ജോലി. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടത് പഞ്ചായത്താണ്. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കാന്‍ മിനി എംസിഎഫുകള്‍ സ്ഥാപിക്കുമെന്ന് രണ്ടു വര്‍ഷം മുമ്പ് നടത്തിയ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ ഒന്നുപോലും സ്ഥാപിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഹരിതകര്‍മസേന ശേഖരിക്കുന്ന വസ്തുക്കള്‍ കയറ്റിയയ്ക്കാതെ കെട്ടിക്കിടക്കുന്നതുമൂലം പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതാവുകയാണ്. ഉപയോഗ ശൂന്യമായ ഈ വസ്തുക്കള്‍ സ്വകാര്യ ഏജന്‍സിക്ക് പണം കൊടുത്ത് നീക്കേണ്ട അവസ്ഥയിലാണെന്നും കോണ്‍ഗ്രസ് അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, ജിനി സതീശന്, നിത അര്ജുനന് എന്നിവര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞയാഴ്ച നാലുലോറി പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കൊണ്ടുപോയതായി പഞ്ചായത്ത് വ്യക്തമാക്കി. മഴ നനഞ്ഞാല്‍ കുഴപ്പമില്ലാത്ത കുപ്പിച്ചില്ലുകളും ലതറുകളും മറ്റ് ഉപയോഗശൂന്യമായ സാധനങ്ങളുമാണ് പുറത്ത് ചാക്കുകളിലാക്കി വെച്ചിരിക്കുന്നത്. മിക്കവാറും അടുത്ത ആഴ്ച കൊണ്ടുപോകുമെന്ന് ക്ലീന്‍കേരള അറിയിച്ചിട്ടുണ്ട്. രണ്ടാം നൂറുദിന പദ്ധതിയുടെ ഭാഗമായി 17 വാര്‍ഡുകളിലും എംസിഎഫുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പഞ്ചായത്ത് വ്യക്തമാക്കി.