സംഘര്‍ഷ സാധ്യത; പോലീസ് സുരക്ഷയൊരുക്കി, കരുവന്നൂര്‍ താമരവളയം കനാലിലെ ചീപ്പുചിറ കെട്ടി
കരുവന്നൂര്‍: താമരവളയം കനാലില്‍ കൊക്കരിപ്പള്ളത്ത് ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചീപ്പുചിറയില്‍ മണ്ണിട്ട് തടയണ കെട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. കഴിഞ്ഞദിവസം ചിറ കെട്ടുവാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുക്കാര് തടഞ്ഞിരുന്നു.
കളക്ടറേറ്റില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് കരുവന്നൂര്‍ പുഴയിലേക്ക് ചേരുന്ന താമരവളയം കനാലിലുള്ള സ്ഥിരം ചീപ്പുചിറയില്‍ മണല്‍ചാക്കുകളിട്ട് കെട്ടാന്‍ തീരുമാനിച്ചത്. ചീപ്പുചിറ കെട്ടാന്‍ അനുവദിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ പുഴയിലേക്ക് ചാടുമെന്നും സ്ത്രീകളടക്കമുള്ളവര്‍ കഴിഞ്ഞദിവസം ഭീഷണി മുഴക്കിയിരുന്നു. ചിറ കെട്ടുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുകയാണെന്നും അതിനാല്‍ ചിറ ഇവിടെനിന്ന് മാറ്റിസ്ഥാപിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
മുമ്പ് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡിസംബര്‍ മാസത്തില്‍ കുറച്ച് കിഴക്കുമാറി താത്കാലികമായി ചിറ കെട്ടാന്‍ തീരുമാനിച്ച് ഇത്തവണ അവിടെ കെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ജനുവരി ആദ്യവാരത്തില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വെള്ളം ഉയര്‍ന്ന് തടയണ തകര്‍ന്ന് സമീപത്തെ പറമ്പിന്റെ കുറച്ചുഭാഗം ഇടിഞ്ഞുപോയി. ഇടിഞ്ഞ ഭാഗം വീണ്ടും കെട്ടിയാല്‍ തടയണ വീണ്ടും തകരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ സമിയുടെ റിപ്പോര്‍ട്ട്. മാത്രവുമല്ല, ഇവിടെ തടയണ കെട്ടണമെങ്കില്‍ കനാലിന്റെ ഇരുവശങ്ങളും ഉയര്‍ത്തേണ്ടി വരും. ഇത് വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുക.
ഇതിനിടയില്‍ തടയണ കെട്ടുന്നത് വൈകുന്നത് വെള്ളം ലഭിക്കാതെ കൃഷി നശിക്കുന്നതിന് കാരണമാകുമെന്ന് കര്‍ഷകരുടെ പരാതി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് താത്കാലിക തടയണ കെട്ടി ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കണമെന്നുള്ള റിപ്പോര്‍ട്ട് ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.
ഇതേ തുടര്‍ന്നാണ് മുന്‍ വര്‍ഷങ്ങളില്‍ കെട്ടിയിരുന്ന കൊക്കരിപ്പള്ളത്ത് തന്നെ അടിയന്തിരമായി തടയണ കെട്ടുവാന്‍ നിര്‍ദേശിച്ചത്. അടിയന്തിരമായി തടയണ കെട്ടുവാനും പോലീസ് സംരക്ഷണം ഉറപ്പു വരുത്തുവാനും ജില്ലാ കളക്ടര്‍ ഇത്തരവിട്ടു. ഇതേതുടര്‍ന്ന് ഇന്നലെ രാവിലെ തന്നെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരരായ തൃശൂര്‍ സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എന്‍. സജിത്ത്, മാഞ്ഞാകുഴി അസിസ്റ്റന്റ് എക്സിക്ുട്ടീവ് കെ.സി. ചാന്ദിനി, ഓവര്‍സീയര്‍മാരായ സിഐ അനീഷ, ടി.ആര്. ഹരിപ്രസാദ്, കരാറുക്കാരൻ ടി. കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളും സ്ഥലത്ത് എത്തിയത്.
ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് കെ ഗോപി, ഇരിങ്ങാലക്കുട എസ്ഐ ഷാജന്, ചേര്‍പ്പ് എസ്ഐ ശ്രീലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചു. പോലീസ് സംരക്ഷണയില്‍ തൊഴിലാളികള്‍ ചിറകെട്ടുന്ന പണികള്‍ ആരംഭിച്ചതോടെ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെ പ്രതിഷേധക്കാര്‍ പിന്മാറുകയായിരുന്നു.
കണക്കന്‍കടവ് പാലത്തിനടുത്തുള്ള ചീപ്പുചിറ ഒഴിവാക്കി ഇപ്പോള്‍ താത്കാലിക തടയണ സ്ഥാപിച്ച സ്ഥലമടക്കം മറ്റേതെങ്കിലും ഭാഗത്ത് സ്ഥിരം സ്ലൂയിസ് സ്ഥാപിക്കാന്‍ പഠനം നടത്താന്‍ ജലസേചനവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുമായി ഇവിടത്തെ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സ്ഥലത്തത്തിയ വല്ലചിറ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് പറഞ്ഞു.
തടയണ കെട്ടുന്ന നടപടികള്‍ വേഗതതിലാക്കണം: കെ.കെ ഷൈജു (പ്രസിഡന്റ്, ചെമ്മണ്ട-പുളിയംപാടം കായല്‍ കര്‍ഷക സഹായ സംഘം)
8500 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലെ നെല്‍കൃഷിക്കു താമരവളയം ചിറ കെട്ടുന്നതിലൂടെ വെള്ളം ലഭ്യമാക്കുവാന്‍ സാധിക്കും. ചിമ്മിണിഡാമില് നിന്നും മാഞ്ഞാംകുഴി റെഗുലേറ്ററിലൂടെ വരുന്ന വെള്ളം ഇവിടെ തടഞ്ഞു നിര്‍ത്തിയാല്‍ മുരിയാട്, കാട്ടൂര്‍, ഏനാമാക്കല്‍, ചെമ്മണ്ട എന്നി പാടശേഖരങ്ങളിലെ നെല്‍കൃഷിക്കു ഉപകാരപ്പെടും. 30 വര്‍ഷത്തിലധികമായി തുടര്‍ച്ചയായാണ് കണക്കന്‍കടവ് പാലത്തിനടുത്തു തടയണ കെട്ടുന്നത്.
നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മലിനമാക്കരുത്: രവീന്ദനാഥന്‍ (വല്ലചിറ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംംഗം)
ഇഷ്ടിക കളത്തിനായി കളിമണ്‍ഖനനം നടത്തിയ കുഴികളില്‍ കെട്ടികിടക്കുന്ന വെള്ളമാണ് തോട്ടിലേക്ക് ഒഴുക്കിവിടുന്നത്. ഇത് തോടും പുഴയും മലിനമാക്കും. കണക്കന്‍കടവ് പാലത്തിനടുത്ത് ചിറ കെട്ടിയാല്‍ അമ്ലത കൂടിയ വെള്ളം തോട്ടില്‍ കെട്ടികിടക്കുന്നതുമൂലം പരിസരത്തെ നൂറോളം വീടുകളിലെ കിണറുകള്‍ മലിനമാകും ഇത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കും. കളിമണ്‍ഖനനം നടത്തുന്ന ലോബികളാണ് ഈ ദുരിതത്തിനു പിന്നില്‍. കണക്കന് കടവ് പാലത്തിനു മൂന്നൂറ് മീറ്റര്‍ കിഴക്കു മാറി തടയ കെട്ടിയാല ഈ കുടുംബങ്ങള്‍ക്ക് കരുവന്നൂര്‍ പുഴയില്‍ നിന്നുള്ള ശുദ്ധ ജലം ലഭിക്കും.