ഉണ്ണായിവാര്യര്‍ കലാനിലയത്തിലും ശമ്പള പ്രതിസന്ധി, ഏട്ട് മാസമായി ശമ്പളമില്ല
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കാത്തതിനാല്‍ ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തിലും സാമ്പത്തിക പ്രതിസന്ധി. നളചരിതം ആട്ടക്കഥയിലൂടെ അനശ്വരനായ ഉണ്ണായിവാര്യരുടെ പേരിലുള്ള ഏകസ്മരകമാണിത്. കലാമണ്ഡലം കഴിഞ്ഞാല്‍ സര്‍ക്കാരിന് കീഴില്‍ കഥകളി വിഷയങ്ങള്‍ പഠിപ്പിക്കുന്ന തൃശൂരിലെ ഈ സ്ഥാപനം 1955 ലാണ് ആരംഭിച്ചത്. കലാനിലയത്തിലെ 18 ജീവനക്കാര്‍ക്ക് എട്ട് മാസമായി ശമ്പളമില്ല. പ്രതിമാസം 1500 രൂപ വീതമുള്ള വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്റും മുടങ്ങി. വര്‍ഷത്തില്‍ 50 ലക്ഷം രൂപ നാല് തവണയായാണ് ലഭിക്കാറ്, കഴിഞ്ഞവര്‍ഷത്തെ ഗ്രാന്റില്‍ 10 ലക്ഷം കുടിശികയാണ്. ഇതി മാര്‍ച്ച് ്വസാനമാണ് കിട്ടുന്നതെങ്കില്‍ വിനിയോഗിക്കാന്‍ ബുദ്ധിമുട്ടാകും. പുതിയക്രമീകരണത്തെത്തുടര്ന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നല്‍കാനാകില്ല. മന്ത്രി ഡോ. ആര്. ബിന്ദുവിനും സാംസ്കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടും കുടിശിക പോലും കിട്ടിയില്ല. കോവിഡിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മുപ്പതില്‍ നിന്ന് പതിനഞ്ചായി. ചെണ്ട, മദ്ദളം, സംഗീതം, വേഷം, ചുട്ടികോപ്പുപണി തുടങ്ങിയ കഥകളി വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ കുട്ടികളുമുണ്ട്. ഏഴാം ക്ലാസ് മുതലാണ് പ്രവേശനം. ആറ് വര്‍ഷം വരെയുള്ള കോഴ്സുകളുണ്ട്. ബഡ്ജറ്റില്‍ മറ്റ് സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് തുക വകയിരുത്തിയപ്പോള്‍ കലാനിലയത്തെ അവഗണിച്ചു.