ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കോഴ്സ് കംപ്ളീഷന്‍ സെറിമണി ഡോ. പി.ആര്. ഷാലിജ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രിയാത്മകമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ കഴിയുന്നവരാണ് കരിയറില്‍ മുന്നേറുക എന്ന് കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. പി.ആര്. ഷാലിജ്. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് 2020 24 ബാച്ചിന്റെ കോഴ്സ് കംപ്ലീഷന്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യകളിലെ അതിവേഗമുള്ള മാറ്റത്തിന് ഒപ്പമെത്തണമെങ്കില്‍ അനുദിനം പുതിയ അറിവുകളും നൈപുണ്യങ്ങളും ആര്ജിച്ചുകൊണ്ടിരിക്കേണ്ടത് അനിവാര്യമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള എന്‍ജിനീയര്‍മാരെയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിഎംഐ ദേവമാതാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. സന്തോഷ് മുണ്ടന്മാണി മുഖ്യ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് കോഴ്സ് കംപ്ളീഷന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2024 ല്‍ ബിടെക് കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിവിധ എന്‍ഡോവ്മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.