പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയില്‍; അറസ്റ്റിലായത് പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയപ്പോള്‍
ഇരിങ്ങാലക്കുട: തൃശൂര്‍, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന പുതുക്കാട് സ്വദേശി കരയാംവീട്ടില്‍ വിനോദിനെ (40) അറസ്റ്റു ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 23 ന് പടിയൂര്‍ പഞ്ചായത്തിന് സമീപമുള്ള വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നു മോഷണം നടത്തി കേസിലെയും അരിപ്പാലത്ത് മറ്റൊരു വീട് കുത്തിത്തുറന്ന് രണ്ടര പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെയും അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍ നിന്നാണ് പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.പടിയൂരിലെ മോഷണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അരിപ്പാലത്തെ അടഞ്ഞുകിടന്ന വീട്ടിലും മോഷണം നടന്ന പരാതിയുമായി ഉടമ കാട്ടൂര്‍ സ്റ്റേഷനില്‍ എത്തിയത്. ഇതോടെ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായത്.
ഇതനുസരിച്ച് ലഭ്യമായ സിസിടിവി ദൃശ്യങ്ങളും ഈ വഴികളിലൂടെ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞും, അടുത്ത കാലങ്ങളില്‍ പുറത്തറിഞ്ഞ മോഷണ സംഭവ സ്ഥലങ്ങളിലെ നാട്ടുകാരോട് രാത്രി സഞ്ചാരികളായവരെക്കുറിച്ച് ചോദിച്ചറിഞ്ഞും ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തിയും വിപുലമായ അന്വേഷണമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയത്. വളരെ ഉറപ്പേറിയ വാതിലുകളും ഗ്രില്‍ ഡോറുകളും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് ഇയാള്‍ മോഷണം നടത്തിയത്.
സ്ഥിരം മോഷ്ടാക്കളാകുമെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും പുതിയ ഒരാള്‍ ആയിക്കൂട എന്ന ചിന്തയാണ് പണത്തിനായി മോഷണം തെരഞ്ഞെടുത്ത വിനോദിനെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാന്‍ അന്വേഷണ സംഘത്തിന് തുണയായത്. വ്യക്തമായ ഒരു തെളിവും ഇല്ലാതിരുന്ന കേസില്‍ ഏറെ ശ്രമകരമായാണ് പ്രതിയിലേക്കെത്തിയത്. പ്രതിയേയും പെണ്‍സുഹൃത്തിനേയും അന്വേഷണ സംഘം തന്ത്രപരമായി നിരീക്ഷിച്ചിരുന്നു.
കാട്ടൂരില്‍ മൂന്നും ഇരിങ്ങാലക്കുടയില്‍ നാലും, കൊടുങ്ങല്ലൂരില്‍ രണ്ടും മതിലകം, പറവൂര്‍ ചേര്‍പ്പ് ഭാഗങ്ങളിലെ ഓരോ കേസുകളുമാണ് ഇതോടെ തെളിഞ്ഞത്. പതിമൂന്നോളം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, ക്രൈം ടീം അംഗങ്ങളായ സീനിയര്‍ സിപിഒ സി.ജി. ധനേഷ്, ഇ.എസ്. ജീവന്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരും പ്രതിയ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.