ക്രൈസ്റ്റ് കോളജ് പൂതംകുളം ജംഗ്ഷന് റോഡ് കോണ്‍ക്രീറ്റിടല്‍ മന്ദഗതിയില്‍; ജനം പ്രതികരിച്ചു തുടങ്ങി
- എല്ലാം തോന്നുംപടി; യാത്രക്കാര്‍ വലയുന്നു
- ക്രൈസ്റ്റ് കോളജ് പൂതംകുളം ജംഗ്ഷന് റോഡ് കോണ്‍ക്രീറ്റിടല്‍ മന്ദഗതിയില്‍; ജനം പ്രതികരിച്ചു തുടങ്ങി
- പൂട്ടിയ കടകള്‍ പലതും തുറന്നിട്ടില്ല
ഇരിങ്ങാലക്കുട: ടൗണില്‍ പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. അരമണിക്കൂര്‍ വരെ കുരുങ്ങികിടക്കുന്ന അവസ്ഥ ചില സമയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. റോഡുകളുടെ പണി നടക്കുന്നതു മൂലമുള്ള ഗതാഗത കുരുക്കാണിത്. എന്നാല്‍ ഈ പണികള്‍ വളരെ മന്ദഗതിയിലും. ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത കോണ്ക്രീറ്റിടലിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പൂതംകുളം വരെ നടത്തുന്ന റോഡുനിര്‍മാണം 45 ദിവസമായിട്ടും എങ്ങുമെത്തിയില്ല.
റോഡിന്റെ ഒരു ഭാഗം പൊളിച്ച് ടാര്‍ നീക്കി പൈപ്പിനായി കുഴിയെടുത്തതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. 200 ഓളം വ്യാപാര സ്ഥാപനങ്ങളാണ് ഈ മേഖലയിലുള്ളത്. ഓണകച്ചവടം നഷ്ടപ്പെട്ട നിരാശയിലാണ് ഈ റോഡിലെയും ഠാണാ ജംഗ്ഷനിലെയും വ്യാപാരികള്‍. പല കടകളും പണി തുടങ്ങിയ ദിവസം പൂട്ടിയതാണ്. പിന്നീട് തുറന്നിട്ടില്ല.
വാടകയും തൊഴിലാളികള്‍ക്കു ശമ്പളവും കൊടുക്കാനില്ലാത്തിനാല്‍ കട പൂട്ടിയിടുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം വ്യാപാരികളുടെ നിലപാട്. അതിനാല്‍ റോഡുപണി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. യാതൊരു മുന്നൊരുക്കവും മുന്നറിയിപ്പും ഇല്ലാതെ ഓഗസ്റ്റ് ഒന്‍പതു മുതലാണ് റോഡിന്റെ ഒരുഭാഗം തടഞ്ഞ് പൊളിക്കാന്‍ ആരംഭിച്ചത്.
പണി ആരംഭിക്കുവാന്‍ ഇനിയും സമയമെടുക്കും
കഴിഞ്ഞ ഒരാഴ്ചയായി കോളജ് റോഡ് മുതല്‍ പൂതംകുളം ജംഗ്ഷന് വരെയുള്ള ഭാഗത്ത് കോണ്‍ക്രീറ്റിടല്‍ പണികളൊന്നും നടക്കുന്നില്ല. റോഡ് വെട്ടിപ്പൊളിച്ചിട്ട നിലയിലും. ഒരു തൊഴിലാളിപോലും ഒരാഴ്ചയായി ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നു ഇവിടത്തെ വ്യാപാരികള്‍ പറഞ്ഞു. ഈ നിലയില്‍ പോയാല്‍ എന്നു പണി തീരുമെന്നു പറയാനാവാത്ത അവസ്ഥ. ഇരുനൂറോളം വ്യാപാരസ്ഥാപനങ്ങളാണ് ഈ ഭാഗത്തുള്ളത്.
വാട്ടര്‍ അഥോറിറ്റിയുടെ കണക്ഷന് പൈപ്പിലെ പരിശോധന പൂര്‍ത്തിയാക്കിയാലേ പണി ആരംഭിക്കാനാകൂ. അടുത്ത ബുധനാഴ്ച വരെയാണ് ഇതിനുള്ള സമയം വാട്ടര്‍ അഥോറിറ്റി ആവശ്യപ്പട്ടിരിക്കുന്നത്. അതിനു ശേഷമേ ഇവിടെ പണി ആരംഭിക്കു. ഒരു വശത്തുകൂടി ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും ഈ റോഡ് കുഴിയാണ്. ഇവിടെ ഗതാഗതം നിയന്ത്രിക്കുവാന്‍ പോലീസോ കരാര്‍ തൊഴിലാളികളുടെ ജവനക്കാരോ ഇല്ല. ഇത് പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ആ ഉറപ്പും പാഴായി
റോഡുപണികള്‍ ആരംഭിക്കുന്നതിനുമുന്പ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ഒരു സെക്ഷന്‍ പണി തീര്‍ത്തുതരാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ 45 ദിവസം പിന്നിട്ടിട്ടും പത്ത് ശതമാനംപോലും പണി പൂര്‍ത്തിയായിട്ടില്ലെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു പണിക്കാരന് പോലും അവിടെയെത്തിയിട്ടില്ല. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ഒരു വര്‍ഷം കഴിഞ്ഞാലും പണി പൂര്‍ത്തിയാകില്ലെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി.
ഒരു സെക്ടറിന്റെ പണി കഴിയാതെ അടുത്ത സെക്ടറില്‍ പണി ആരംഭിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വ്യാപാരികള്‍ക്കും ബസുടമകള്‍ക്കും ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍ അതു ലംഘിച്ചുകൊണ്ടാണ് ഊരകം പെരുമ്പിള്ളിശേരി റോഡുപണി നടക്കുമ്പോള്‍ ഈ ഭാഗത്തും പൊളിച്ചിട്ടത്. ഇതുകൂടാതെ ഇപ്പോള്‍ മൂന്നാമത്തെ സെക്ടറായി വെള്ളാങ്കല്ലൂരില്‍ ബ്ലോക്ക് ജംഗ്ഷന് മുതല്‍ കോണത്തുകുന്ന് വരെ റോഡ് പൊളിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചാല്‍ സമരരംഗത്തിറങ്ങും,എബിന് വെള്ളാനിക്കാരന്‍ (ഏകോപനസമിതി ജില്ലാ സെക്രട്ടറി)
വ്യാപാരികള്‍ വികസനത്തിന് എതിരല്ല. എന്നാല്‍, വ്യാപാരികളെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം. ഏത് സെക്ടര്‍ പൊളിക്കുകയാണെങ്കിലും 15 ദിവസം മുമ്പെങ്കിലും വ്യാപാരിസമൂഹത്തെ അറിയിക്കാന്‍ നടപടി ഉണ്ടാകണം. മുന്നറിയിപ്പില്ലാതെ റോഡ് പൊളിക്കുകയാണെങ്കില്‍ ശക്തമായ സമരത്തിനിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ മുന്നറിയിപ്പുനല്‍കി.