കലാനിലയം പ്രവര്‍ത്തനം പ്രതിസന്ധിയില്‍, ബജറ്റിലെ പ്രഖ്യാപനം ഉത്തരവായിട്ടില്ല
ശമ്പളം ഇല്ലാതായിട്ട് അഞ്ച് മാസം, കുട്ടികള്‍ക്കുള്ള സ്റ്റൈപ്പെന്റും മുടങ്ങി
20 ലക്ഷത്തിന് മേലെയാണ് ശമ്പളകുടിശിക, കഴിഞ്ഞ നാല് വര്‍ഷമായി ശമ്പള വര്‍ധനവില്ല
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പട്ടണത്തിന്റെ തിലകകുറിയായ ഉണ്ണായിവാര്യര്‍ കലാനിലയം ഇന്ന് വലിയ പ്രതിസന്ധിയിലൂടെയാണു കടന്നു പോകുന്നത്. സാംസ്കാരിക രംഗത്ത് ഇരിങ്ങാലക്കുടയ്ക്ക് വളരെ പ്രശസ്തി നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ഉണ്ണായിവാര്യര്‍ കലാനിലയം. ലോകത്തിനു മുമ്പില്‍ കേരളത്തിന്റെ മുഖമായ കഥകളി പഠിപ്പിക്കുന്ന കേരളത്തിലെ പ്രശസ്തമായ കലാക്ഷേത്രം ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഒരുപാട് നല്ല കലാകാരന്മാരെ നാടിനു സംഭാവന ചെയ്ത കലാനിലയം നിലനിര്‍ത്തേണ്ടതു സമൂഹത്തിന്റെ ആവശ്യമാണ്. കലാനിലയത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ ഒരു കോടിയായി ഉയര്‍ത്തി സര്‍ക്കാര്‍ ഗ്രാന്റ് പ്രഖ്യാപിച്ചെങ്കിലും ഇതുവരേയും അത് ഉത്തരവായിട്ടില്ല. അതുകൊണ്ടുതന്നെ വര്‍ഷത്തില്‍ ലഭിച്ചുവരുന്ന 50 ലക്ഷം ഗ്രാന്റ് തന്നെയാണു ഇപ്പോഴും കലാനിലയത്തിന്റെ ആശ്രയം. കഥകളി, വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, കോപ്പുപണി എന്നിവ പഠിപ്പിക്കുന്ന കലാനിലയത്തിലെ അധ്യാപകര്‍ക്കു നാമമാത്രമായ ശമ്പളമാണു നല്‍കുന്നത്. അതാണെങ്കില്‍ കൃത്യമായി ലഭിക്കുന്നില്ല. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളവും വിദ്യാര്‍ഥികളുടെ സ്റ്റൈപ്പെന്ഡിനുമായി ഒരു വര്‍ഷം 65 ലക്ഷത്തോളം രൂപ വേണം. ഇതിനു പുറമേ ബോണസും മറ്റ് ആനുകൂല്യങ്ങളുമടക്കം 80 ലക്ഷം രൂപ പ്രതിവര്‍ഷം ആവശ്യമുണ്ട്. സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അഞ്ചു മാസമായി ശമ്പളമില്ല. കഥകളി അഭ്യാസത്തിനായി സര്‍ക്കാര്‍ നടത്തുന്ന രണ്ടു പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശമ്പളമാണു നല്‍കാത്തത്. 11 അധ്യാപകരും നാലു ഓഫീസ് സ്റ്റാഫും ഒരു പാര്‍ട്ട് ടൈം സ്വീപ്പറുമടക്കം 16 പേരാണു കലാനിലയത്തില്‍ ജോലി ചെയ്യുന്നത്. 21 കുട്ടികളാണു ഇവിടെ പഠിക്കുന്നത്. വേഷം മൂന്ന്, സംഗീതം മൂന്ന്, ചെണ്ട നാല്, മദ്ദളം ആറ്, ചുട്ടി അഞ്ച് എന്നീ വിഭാഗങ്ങളിലായി 21 കുട്ടികളാണു ഇവിടെയുള്ളത്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുട്ടികളും ഇവിടെ താമസിച്ചു പഠിക്കുന്നുണ്ട്. ഇവര്‍ക്ക് മാസം തോറും 1500 രൂപ വെച്ചാണു സ്റ്റൈപ്പെന്‍ഡ്. 2020-21 സാമ്പത്തിക വര്‍ഷത്തെ 50 ലക്ഷം ഗ്രാന്റില്‍ ആദ്യഗഡുവായി ഏപ്രിലില്‍ ലഭിച്ച 20 ലക്ഷം രൂപ കൊണ്ടാണു 2019 നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശമ്പള കുടിശിക നല്‍കിയത്. ഓഗസ്റ്റില്‍ 50 ലക്ഷം ഗ്രാന്റില്‍ രണ്ടാം ഗഡുവായി 20 ലക്ഷം കൂടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും അഞ്ചു ലക്ഷം രൂപ മാത്രമാണു അനുവദിച്ചത്. കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പ്രൈവറ്റ് സ്കൂള്‍ അധ്യാപകരുടെ ശമ്പള സ്കെയില്‍ നടപ്പിലാക്കിയ കലാനിലയത്തില്‍ കടമ്മനിട്ട കമ്മീഷന് നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതോടെയാണു ഗ്രാന്റ് സിസ്റ്റം ഉണ്ടായതും അധ്യാപകരുടെ ശമ്പളവിതരണത്തില്‍ തടസം നേരിട്ടതും. നമ്മുടെ പാരമ്പര്യകലാരൂപങ്ങള്‍ അടുത്ത തലമുറയിലേക്കു പകര്ന്ന്ു നല്കുന്ന കലാനിലയത്തെ നിലനിര്‍ത്തുവാന്‍ അധികാരികള്‍ കണ്ണു തുക്കണമെന്നാണ് കലാപ്രേമികളുടെ ആവശ്യം.
ഗ്രാന്റ് അനുവദിച്ചുകിട്ടണം – സതീഷ് വിമലന് (ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി)
വാര്‍ഷിക ഗ്രാന്റ് ഒരു കോടി രൂപയായി ഉയര്‍ത്തിയത് പൂര്‍ണമായും അനുവദിച്ചു കിട്ടിയാല്‍ മാത്രമേ പ്രതിസന്ധിക്കു പരിഹാരമാകൂ. അഞ്ചു ലക്ഷം കിട്ടിയാല്‍ ഒരു മാസത്തെ ശമ്പളം കൊടുക്കാം. ബജറ്റില്‍ അനുവദിച്ച ഒരു കോടി കിട്ടിയാല്‍ മാത്രമേ ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ശമ്പള കുടിശികയെല്ലാം കൊടുത്തുതീര്‍ക്കാന്‍ പറ്റൂ.
ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം
പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് എന്നിങ്ങനെ തിളങ്ങിയ വ്യക്തിയാണു ഉണ്ണായിവാര്യര്‍. നളചരിതം ആട്ടകഥയുടെ രചയിതചാവ് ഉണ്ണായിവാരിയരുടെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മഗൃഹമായ അകത്തൂട്ട് വാരിയത്തിന്റെ പുരതറയിലാണു കലാനിലയം പണികഴിപ്പിച്ചിട്ടുള്ളത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായിരുന്ന ഉണ്ണായിവാരിയരെ കുറിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളുണ്ട്. 1955 ല്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോനാണു കലാനിലയം ഉദ്ഘാടനം ചെയ്തത്. 1961 ല്‍ കേന്ദ്ര സാംസ്കാരിക വകുപ്പുമന്ത്രി ഹുമയൂണ്‍ കബീര്‍ സ്ഥാപനത്തിന്റെ പ്രധാനകളരി ഉദ്ഘാടനം ചെയ്തു. കലാനിലയം ഓഡിറ്റോറിയം സംസ്ഥാന ഗവര്‍ണര്‍ എ.പി. ജയിന് 1965 ലും വിദ്യാര്‍ഥി ഹോസ്റ്റല്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരന് 1994 ലും അതിഥി മന്ദിരം സംസ്ഥാന സാംസ്കാരികവകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണന് 1997 ലും ഉദ്ഘാടനം ചെയ്തു. ആദ്യത്തെ പ്രസിഡന്റ് പുതൂര്‍ അച്ചുതമേനോനും സെക്രട്ടറി കെ.കെ. തമ്പാനും ട്രഷറര്‍ പനമ്പിള്ളി രാഘവന മേനോനുമായിരുന്നു. പ്രാരംഭദിശയില്‍ കൂടല്‍മാണിക്യം ദേവസ്വവും കൊച്ചിന് ദേവസ്വം ബോര്‍ഡും കലാനിലയത്തിന് ചെറിയ തോതില്‍ സാമ്പത്തിക സഹായം നല്‍കിപോന്നിരുന്നു.