ക്രൈസ്റ്റ് കോളജ് ആതിഥ്യം വഹിച്ച ആര്‍ട്സ് കേരള കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം
![](https://irinjalakuda.news/wp-content/uploads/2025/02/CHRIST-ARTS-KERALA-1024x584.jpg)
ആര്‍ട്സ് കേരള കലോത്സവത്തില്‍ ഗ്രൂപ്പ് ഡാന്‍സിന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലീല ജോണ്‍ മെമ്മോറിയല്‍ ട്രോഫിയും 20,000 രൂപ ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ആതിഥ്യം വഹിച്ച ആര്‍ട്സ് കേരള കലോത്സവത്തിന് വര്‍ണ്ണാഭമായ സമാപനം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട കലോത്സവമാണ് ആര്‍ട്സ് കേരള കലാമേള. സംഘനൃത്തവും നാടന്‍പാട്ടും ആയിരുന്നു ഈ വര്‍ഷത്തെ മത്സരയിനങ്ങള്‍. സംഘനൃത്തത്തില്‍ കോഴിക്കോട് ഫറൂഖ് കോളജ് ഒന്നാം സ്ഥാനം നേടി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആതിഥേയരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളജ് മൂന്നാം സ്ഥാനവും നേടി. ചാലക്കുടി എസ്എച്ച് കോളജ്, ദേവഗിരി കോളജ് ബി ടീം എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
മികച്ച ചമയത്തിനുള്ള രാമേട്ടന് പുരസ്കാരം സെന്റ് ജോസഫ്സ് ദേവഗിരി സ്വന്തമാക്കി. ഗ്രൂപ്പ് ഡാന്‍സ് മത്സരത്തില്‍ വിജയികള്‍ക്ക് കെ.പി. ജോണ്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 30,000 രൂപ ക്യാഷ് അവാര്‍ഡും നല്കി. രണ്ടാം സമ്മാനമായി 20,000 രൂപയും ലീല ജോണ്‍ മെമ്മോറിയല്‍ ട്രോഫിയും മൂന്നാം സമ്മാനമായി പതിനയ്യായിരം രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നാലും അഞ്ചും സ്ഥാനങ്ങള്‍ എത്തിയ ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും (10,000, 5000 രൂപ) സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. നാടന്‍പാട്ട് മത്സരത്തില്‍ തൃശൂര്‍ കേരളവര്‍മ്മ കോളജ് ഒന്നാം സ്ഥാനം നേടി.
എറണാകുളം മഹാരാജാസ് കോളജ്, തൃശൂര്‍ എസ്ആര്‍വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്സ് എന്നീ കലാലയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒന്നാം സമ്മാനമായി കെ.എല്‍. ആന്റോ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 20,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കി. രണ്ടാം സമ്മനമായി സെലിന് ആന്റോ ട്രോഫിയും 15,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും, മൂന്നാം സ്ഥാനത്ത് എത്തിയ ടീമിന് വിജു ആന്റോ ട്രോഫിയും 10,000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കട്ടും സമ്മാനിച്ചു.