നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം
![](https://irinjalakuda.news/wp-content/uploads/2025/02/COUNCIL-2-1024x494.jpg)
ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സന്റെ ചേമ്പറിനു മുന്നില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാഗ്വാദം.
ബഹളത്തിനിടയില്‍ അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു
ഇരിങ്ങാലക്കുട: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം. ബഹളത്തിനിടയില്‍ അജണ്ടകള്‍ വായിച്ച് പാസാക്കി കൗണ്‍സില്‍ അവസാനിപ്പിച്ചു. യോഗം ആരംഭിച്ചയുടനെ നഗരസഭയില്‍ കണ്ടീജന്റ് ജീവനക്കാരെ നിയമിക്കുന്ന ആദ്യ അജണ്ടയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു.
ഇരിങ്ങാലക്കുട നഗരസഭയുടെ കണ്ടീജന്റ് വര്‍ക്കര്‍ ഒഴിവിലേക്ക് നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം ഇന്റര്‍വ്യു നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നു. ഈ റാങ്ക് ലിസ്റ്റ് മുമ്പ് രണ്ട് തവണ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അംഗീകാരം നല്‍കിയില്ല.
ഇതോടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 10 പേരില്‍ ഒമ്പത് പേര് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2024 ഒക്ടോബര്‍ 10 ലെ റാങ്ക് ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് തൊട്ടടുത്ത കൗണ്‍സിലില്‍ നടപടി സ്വീകരിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരം ലഭ്യമാക്കുന്ന ഉടനെ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കുന്നതിന് സെക്രട്ടറിയെ നിര്‍ദേശിച്ച് കോടതി ഉത്തരവിട്ടു.
ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്കെടുത്തപ്പോഴാണ് പ്രതിപക്ഷമായ എല്‍ഡിഎഫും ബിജെപിയും എതിര്‍പ്പുമായി രംഗത്തെത്തിയത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടും രാഷ്ട്രീയ പക്ഷപാതത്തോടെ ഇറക്കിയ ലിസ്റ്റാണിതെന്നും മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിക്കാത്ത ലിസ്റ്റ് വീണ്ടും അംഗീകാരത്തിനായി വക്കുമ്പോള്‍ ഭരണപക്ഷത്തിന്റെ ധാര്‍ഷ്ട്യമാണ് തെളിവാക്കുന്നതെന്നും അതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ഇതില്‍ വിയോജിപ്പുണ്ടെന്നും എല്‍ഡിഎഫ് പാര്‍ലിമെന്ററി ലീഡര്‍ അഡ്വ. കെ.ആര്. വിജയ പറഞ്ഞു.
കൗണ്‍സിലിനെ വിശ്വാസത്തിലെടുക്കണമെന്നും ഈ അജണ്ടയില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തുന്നതായും ബിജെപി കൗണ്‍സിലര്‍ സന്തോഷ് ബോബന് അറിയിച്ചു. അടിയന്തിരമായി എല്ലാ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച ചെയ്യണമെന്നും അര്‍ഹരായവരെ കണ്ടെത്തി ഇന്റര്‍വ്യു നടത്തി നിയമനം നടത്തണമെന്നും ബിജെപി കൗണ്‍സിലര്‍ ടി.കെ. ഷാജുവും ആവശ്യപ്പെട്ടു. ഈ ലിസ്റ്റിലുള്ളവര്ക്് കൗണ്‍സില്‍ യോഗം അംഗീകരം നല്കി നിയമന കത്ത് നല്കുവാന് സെക്രട്ടറിയെ നിര്‍ദേശിച്ചതായി കോടതി ഉത്തരവിലുണ്ട്.
അതിനാല്‍ കോടതി നിര്‍ദേശം കൗണ്‍സില്‍ അംഗീകരിക്കണമെന്നു സെക്രട്ടറി എം.എച്ച്. ഷാജിക് വിശദീകരിച്ചു. ലിസ്റ്റ് നിരസിക്കുവാനുള്ള യാതൊരു കാരണവും കോടതി കാണുന്നില്ലെന്നും അതിനാല്‍ ഈ ലിസ്റ്റ് അംഗീകരിച്ച് നിയമനം നടത്തണമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളിയും സോണിയ ഗിരിയും ആവശ്യപ്പട്ടു. വിഷയത്തില്‍ വോട്ടെടുപ്പു വേണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കൗണ്‍സിലില്‍ വോട്ടെടുപ്പ് അനുവദിക്കില്ലെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ഇതോടെ എല്‍ഡിഎഫ് അംഗങ്ങള്‍ എഴുന്നേറ്റ് ചെയര്‍പേഴ്സന്റെ ചേമ്പറിനു മുന്നില്‍ ബഹളം വച്ചു. പ്രതിരോധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തത്തി. ഇതോടെ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ ബഹളവും വാക്കേറ്റവും ഏറെ നേരം നീണ്ടുനിന്നു. ബഹളത്തിനിടില് അജണ്ടകള്‍ വായിക്കുകയും എല്ലാ അജണ്ടകളും പാസായതായും കൗണ്‍സില്‍ യോഗം അവസാനിച്ചതായും ചെയര്‍പേഴ്സണ്‍ അറിയിച്ചു. എല്‍ഡിഎഫും ബിജെപിയും അജണ്ടകള്‍ പാസായത് അംഗീകരിക്കില്ലെന്ന് വിയോജന കുറിപ്പ് നലകി.
![](https://irinjalakuda.news/wp-content/uploads/2025/02/COUNCIL-1024x510.jpg)