അമിത ന്യായവില കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി
എടതിരിഞ്ഞി: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ അമിത ന്യായവിലയില്‍ പ്രതിഷേധിച്ച് പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ എടതിരിഞ്ഞി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സമീപ വില്ലേജുകളേക്കാളും ഇരിങ്ങാലക്കുട നഗരസഭയേക്കാളും ഇവിടത്തെ ന്യായവില പതിന്മടങ്ങ് കൂടുതലായതിനാല്‍ ഭൂമി കൈമാറ്റം അടക്കാത്ത അവസ്ഥയുണ്ട്. ഇതുമൂലം മക്കളുടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവക്ക് ആളുകള്‍ പ്രയാസപ്പെടുകയാണ്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എടതിരിഞ്ഞി പോസ്റ്റാഫീസ് സെന്ററില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധ ധര്‍ണയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ഐ. സിദ്ദാര്‍ഥന്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ശോഭ സുബിന് മുഖ്യപ്രഭാഷണം നടത്തി. കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യന്, പൂമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മുന്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്. പ്രഭാകരന്, മണ്ഡലം സെക്രട്ടറി കെ.ആര്. ഔസേഫ്, ബിജു ചാണാശേരി തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഒ.എന്‍. ഹരിദാസ്, വി.കെ. നൗഷാദ്, കണ്ണന് മാടത്തിങ്കല്‍, സി.എം. ഉണ്ണികൃഷ്ണന്, സുനന്ദ ഉണ്ണികൃഷ്ണന്, ഹാജിറ റഷീദ്, ദശോബ്, നീലാംബരന്‍, ബാബു അറക്കല്‍, സുനന്ദ ശേഖര്‍, ഉഷ രാമചന്ദ്രന്, സതി പ്രസാദ്, ഗാലിബ് പടിയൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാഷ്ട്രീയ പ്രേരിതനാടകത്തിന് ഫെയര്‍ വാല്യൂ വിഷയം ആയുധമാക്കരുത് – സിപിഐ
എടതിരിഞ്ഞി: പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എടതിരിഞ്ഞി വില്ലേജില്‍ 2010 മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമാണ് ഫെയര്‍ വാല്യൂ. യുഡിഎഫ് ഉഭരണത്തിലുള്ള 2011 മുതല്‍ 2016 വരെ ഇരിങ്ങാലക്കുട മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നതു യുഡിഎഫ് പ്രതിനിധിയാണ്. ഇടതുപക്ഷ മുന്നണി ഭരിക്കുന്ന വേളയില്‍ ഇതിനുവേണ്ടിയുള്ള നടപടികള്‍ കൈകൊണ്ടുവരുന്ന ഈ സമയത്ത് പ്രതിഷേധമുയര്‍ത്തി വിജയം താങ്കളുടേതാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഇതിനു പിന്നില്‍. ഇപ്പോള്‍ റവന്യൂ വകുപ്പ് ശക്തമായ നടപടികളുമായി പ്രശ്നപരിഹാരത്തിനായി ഇങ്ങി തിരിച്ചിരിക്കുകയാണ്. എല്ലാ പിന്തുണയും നല്‍കണമെന്നും സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ് പറഞ്ഞു.