തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത നവീകരണം; മാപ്രാണം ജംഗ്ഷന് മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡ് നിര്‍മ്മാണം ആരംഭിക്കുന്നു; ഗതാഗത നിയന്ത്രണം തിങ്കളാഴ്ച മുതല്‍

3D cartoon character with a shovel - great for topics like under construction etc.
ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ കെഎസ്ടിപി യുടെ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. മാപ്രാണം ജംഗ്ഷന് മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡിലാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം നടക്കുക. നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ബസ്സ് സ്റ്റാന്റില്‍ നിന്നും എകെപി ജംഗ്ഷന് വഴി സിവില്‍ സ്റ്റേഷന് മുന്‍പിലൂടെ പൊറത്തിശ്ശേരി ചെമ്മണ്ട മൂര്‍ക്കനാട് വഴി പുത്തന്‍തോട് ജംഗ്ഷനില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
റോഡിന്റെ ഒരു വശത്തുമാത്രം നിര്‍മ്മാണപ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ തൃശ്ശൂരില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും നിര്‍മ്മാണത്തോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. നിശ്ചയിച്ച സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി. ഡോ. ആര് ബിന്ദു അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും കെ എസ് ടി പി ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ബസ് ഉടമ സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ തീരുമാനമായത്.