സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗം എം.ടി. വാസുദേവന്‍ നായരേയും പി. ജയചന്ദ്രനെയും അനുസ്മരിച്ചു
![](https://irinjalakuda.news/wp-content/uploads/2025/02/SJC-MT-JAYACHANDRAN-ANUSMARANAM-MAL-1024x603.jpg)
സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടി. വാസുദേവന്‍ നായര്‍, പി. ജയചന്ദ്രന് എന്നിവരെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: വാക്കുകള്‍ കൊണ്ടും ശബ്ദം കൊണ്ടും മലയാളികളെ പിടിച്ചു നിര്‍ത്തിയ അതുല്യ പ്രതിഭകള്‍ എം.ടി. വാസുദേവന്‍ നായരേയും പി. ജയചന്ദ്രനെയും അനുസ്മരിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗം. കാലഘട്ടങ്ങള്‍ക്കനുസരിച്ച് ശബ്ദത്തില്‍ നവീനത കൊണ്ടുവരികയും ഭാവത്താല്‍ മലയാളി മനസ്സിനെ കീഴടക്കുകയും ചെയ്ത ഗായകനാണ് പി. ജയചന്ദ്രനെന്നും മലയാള സാഹിത്യത്തിലും ചലച്ചിത്രലോകത്തും അവിസ്മരണീയ സാന്നിധ്യവും സംഭാവനകളുമാണ് എം.ടി.യുടേതെന്നും കവിയും ഗാനരചയിതാവുമായ മധു ആലപ്പുഴ അഭിപ്രായപ്പെട്ടു.
മലയാളവിഭാഗം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം അധ്യക്ഷ ഡോ. കെ.എ. ജെന്‍സി, മലയാളവിഭാഗം അധ്യാപിക ഡോ. മീരാ മധു തുടങ്ങിയവര്‍ സംസാരിച്ചു. ജയചന്ദ്രന് ഗാനാജ്ഞലി നേര്‍ന്നുകൊണ്ട് രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി നിരജ്ഞനയും രണ്ടാം വര്‍ഷ മലയാള ബിരുദാനന്തരബിരുദ വിദ്യാര്‍ഥി അപര്‍ണ രാജും ഗാനങ്ങള്‍ ആലപിച്ചു. എം.ടി.യുടെ കൃതികളെക്കുറിച്ച് ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളായ കൃഷ്ണപ്രിയ, അരുണിമ എന്നിവര്‍ സംസാരിച്ചു.