അനുമതിയില്ലാതെ മണ്ണെടുപ്പ്, അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിജിലന്‍സിന് പരാതി നല്കി

വേളൂക്കര പഞ്ചായത്തില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നും അനുമതി ഇല്ലാതെ മണ്ണ് നീക്കം ചെയ്ത സംഭവം ദീപികയില്‍ വന്ന വാര്‍ത്ത.
ഇരിങ്ങാലക്കുട: പഞ്ചായത്തിന്റെ പൊതുസ്ഥലത്ത് സൂക്ഷിച്ചിരുന്ന മണ്ണ് അനുമതി ഇല്ലാതെ നീക്കം ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്കി. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. പഞ്ചായത്തിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന 15ാം വാര്‍ഡിലെ ആക്കപ്പിള്ളി പൊക്കത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മണ്ണ് സൂക്ഷിച്ചിരുന്നത്. പഞ്ചായത്തിന്റെ തന്നെ ഷോപ്പിംഗ് കോപ്ലക്സ് നിര്‍മാണവേളയില്‍ നീക്കം ചെയ്തതും വിവിധ തോടുകള്‍ വൃത്തിയാക്കിയപ്പോള്‍ എടുത്തുമാറ്റിയതുമായ മണ്ണായിരുന്നു ഇത്.
അഞ്ചു വര്‍ഷത്തോളമായി ഇവിടെ ഈ മണ്ണ് ഇവിടെ സൂക്ഷിച്ചുവരികയായിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറുക്കാരന് മണ്ണ് നീക്കം ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് വാര്‍ത്ത ദീപിക ഫെബ്രുവരി 13 ന് പ്രസിദ്ധീകരിച്ചിരുന്നു. ഭരണസമിതിയുടെ കാലാവധി തീരാറായ സമയത്ത് വിജിലന്‍സ് അന്വേഷണം വേണ്ടെന്നായിരുന്നു ആദ്യം തീരുമാനമെങ്കിലും കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഭൂരിപക്ഷം പഞ്ചായത്തംഗങ്ങളും വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് വിജിലന്‍സിന് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്.