കേരള മാസ്റ്റേഴ്സ് ലീഗ്; തൃശൂര്‍ ടെന്നീസ് ട്രസ്റ്റ് ജേതാക്കള്‍

ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റണ്‍ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗില്‍ വിജയികളായ തൃശൂര്‍ ടെന്നീസ് ട്രസ്റ്റ് ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റണ്‍ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. എട്ട് ഫ്രാഞ്ചൈസികളിലായി 80 ഓളം കളിക്കാര്‍ പങ്കെടുത്ത വാശിയേറിയ ലീഗ് മത്സരത്തില്‍ ഇരിങ്ങാലക്കുട വിന്നേഴ്സിനെ പരാജയപ്പെടുത്തി തൃശൂര്‍ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനല്‍ മത്സരങ്ങളില്‍ ടെന്നീസ് ട്രസ്റ്റിന്റെ ബൈജു ബിജുമോഹന്‍ സഖ്യം ഇരിങ്ങാലക്കുട വിന്നേഴ്സിന്റെ ക്ലിന്‍സ് സുമേഷ് സഖ്യത്തെ പരാജയപ്പെടുത്തി ലീഡ് നേടി.
രണ്ടാമത്തെ മത്സരത്തില്‍ ഇരിങ്ങാലക്കുട വിന്നേഴ്സിന്റെ ഷിയാസ്, പ്രസന്നന് സഖ്യം ടെന്നീസ് ട്രസ്റ്റിന്റെ ശ്രീനിവാസന്, ജ്യോതിഷ് സഖ്യത്തെ പരാജയപ്പെടുത്തി. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ ടെന്നീസ് ട്രസ്റ്റിന്റെ ഗിരീഷ്, അജിത് കുമാര്‍ സഖ്യം ഇരിങ്ങാലക്കുട വിന്നേഴ്സിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എം.എസ്. ഷാജന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ മുഖ്യാതിഥിയായിരുന്നു. സമാപന ചടങ്ങില്‍ ക്രൈസ്റ്റ് മോണാസ്ട്രി മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജാസ്മിന് ജോസഫ്, ബിജോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി മുന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന് പി.ആര്. സ്റ്റാന്‍ലിയെ ആദരിച്ചു. പീറ്റര്‍ ജോസഫ്, സ്റ്റാന്‍ലി ലാസര്‍, ടോമി മാത്യു, ലിഷോണ്‍ ജോസ്, ആള്‍ജോ ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി.