കാറളം പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

കാറളം ഗ്രാമപ്പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കുന്നു.
കാറളം: പഞ്ചായത്തിലെ അഞ്ച് റോഡുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നഗരസഭയിലും ഏഴ് ഗ്രാമപ്പഞ്ചായത്തുകളിലുമായി തകര്‍ന്ന 30 റോഡുകള്‍ക്കായി 8.39 കോടി രൂപയാണ് പുനരുദ്ധാരണത്തിനായി അനുവദിച്ചത്. കാറളം ഗ്രാമപ്പഞ്ചായത്തിലെ എകെജി പുഞ്ചപ്പാടം റോഡ് 16 ലക്ഷം, ഐഎച്ച്ഡിപി കോളനി റോഡ് 20 ലക്ഷം, ചെമ്മണ്ട കോളനി റോഡ് 15 ലക്ഷം, മനപ്പടി വെട്ടിക്കര റോഡ് 17 ലക്ഷം, ഹെല്‍ത്ത് സബ് സെന്റര്‍ താണിശേരി റോഡ് 15 ലക്ഷം എന്നീ തദ്ദേശറോഡുകളുടെ പുനരുദ്ധാരണത്തിന്റെ നിര്‍മാണോദ്ഘാടനമാണ് മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചത്. നന്തി ഐഎച്ച്ഡിപി റോഡ് പരിസരത്തുനടന്ന ഉദ്ഘാടനച്ചടങ്ങില്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതവഹിച്ചു. കാറളം ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന സുബ്രഹ്മണ്യന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹനന് വലിയാട്ടില്‍, പഞ്ചായത്ത് മെമ്പര്‍മാരായ സീമ പ്രേംരാജ്, വൃന്ദ അജിത്കുമാര്‍, രജനി നന്ദകുമാര്‍, കാറളം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.കെ. ഗ്രേസി എന്നിവര്‍ സംസാരിച്ചു.