കരുവന്നൂർ ഇല്ലിക്കൽ റെഗുലേറ്ററിലെ മാലിന്യങ്ങൾ നീക്കി
കരുവന്നൂർ: ഇല്ലിക്കൽ റെഗുലേറ്ററിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഇരിങ്ങാലക്കുടയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾ നീക്കം ചെയ്തു. കരുവന്നൂർ പുഴയ്ക്കു കുറുകെ മൂർക്കനാടിനെയും എട്ടുമനയെയും ബന്ധിപ്പിച്ചുള്ള ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾക്കു താഴെയാണു വലിയ മരങ്ങളും മാലിന്യങ്ങളും വന്നടിഞ്ഞത്. പ്ലാസ്റ്റിക് കുപ്പികളും മരച്ചില്ലകളും മുതൽ കന്നുകാലികളുടെയും പെരുമ്പാമ്പിന്റെയും ചീഞ്ഞളിഞ്ഞ ജഡം വരെ ഇവിടെ അടിഞ്ഞുകൂടിയിരുന്നു. ഇതിൽ നിന്നുള്ള ദുർഗന്ധം യാത്രക്കാർക്കു ദുരിതമാവുകയും ചെയ്തിരുന്നു. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.പി. നന്ദകുമാറിന്റെ നേതൃത്വത്തിലാണു സേനാംഗങ്ങൾ പുഴയിലിറങ്ങി മാലിന്യങ്ങൾ നീക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആർ. മധു, ഓഫീസർമാരായ എസ്. സുദർശനൻ, പി. സിജോയ്, പി.എസ്. അഭിമന്യു, ബി. അനിൽ, ഡ്രൈവർ വി.ആർ. മഹേഷ്, സിവിൽ ഡിഫൻസ് അംഗങ്ങളായ അഭീഷ് മോൻ, പി.എ. ഷെമീർ, കെ.ഡി. യദു, റിച്ചു സുധീർ എന്നിവർ നേതൃത്വം നല്കി.