ഠാണാവിലെ ട്രാഫിക് സംവിധാനം നിലച്ചിട്ട് പത്തുവർഷം, പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
ഠാണാവിലെ ട്രാഫിക് സംവിധാനം നിലച്ചിട്ട് പത്തുവർഷം, പ്രവർത്തനം നിർത്തിയത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിൽ
പരാതിയുടെ അടിസ്ഥാനത്തിൽ സിഗ്നൽ സംവിധാനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
ഇരിങ്ങാലക്കുട: ഒമ്പതു വർഷം മുമ്പ് ഠാണാ ജംഗ്ഷനിൽ പ്രവർത്തനരഹിതമാക്കിയ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം പുനസ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. ഇരിങ്ങാലക്കുട സ്വദേശിയായ ജെയിംസ് അവറാന്റെ പരാതിയിലാണു നടപടി. ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച് രണ്ടു ആഴ്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റക്കും മധ്യമേഖല ഐജി എസ്. സുരേന്ദ്രനും മുഖ്യമന്ത്രി നിർദേശിച്ചു. മൂന്നു വർഷം മുമ്പു നല്കിയ പരാതിയിൽ അന്നത്തെ റോഡ് സേഫ്റ്റി അഥോറിറ്റി ചെയർമാനും എഡിജിപിയുമായിരുന്ന അനന്തകൃഷ്ണൻ സിഗ്നൽ സംവിധാനം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്ത് അറിയിക്കാൻ ജില്ലാ കളക്ടർക്കു രണ്ടു തവണ നിർദേശം നല്കിയിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. തുടർന്നാണു പരാതിക്കാരൻ വീണ്ടും മുഖ്യമന്ത്രിക്കു പരാതി നല്കിയത്. ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാന പ്രകാരമാണു ഠാണാ ജംഗ്ഷനിലെ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം നിർത്തലാക്കിയത്. സ്ഥാപിത താത്പര്യക്കാർക്കു വേണ്ടിയാണു സിഗ്നൽ പ്രവർത്തനരഹിതമാക്കിയെന്നു അന്നേ ആക്ഷേപം ഉയർന്നിരുന്നു. തിരക്കേറിയ ക്രൈസ്റ്റ് കോളജ്, ചന്തക്കുന്ന് ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയർന്ന സമയത്താണ് ഠാണാവിൽ നിലവിലുണ്ടായിരുന്ന സിഗ്നൽ സംവിധാനം നിർത്തിയത്. 2011 ഓഗസ്റ്റ് 27 നാണു സിഗ്നൽ സംവിധാനം നിർത്തിയത്. അന്നു തന്നെ ജം്ഗഷനിലുണ്ടായ വാഹന അപകടത്തിൽ ഒരാൾക്കു ജീവൻ നഷ്ടപ്പെടുകയും മൂന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീടും പല അപകടങ്ങൾ ഉണ്ടാവുകയും രണ്ടു പേർക്കു ജീവൻ നഷ്ടപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ സിഗ്നൽ സംവിധാനം നിർത്തലാക്കാൻ എടുത്ത തീരുമാനം നിയമവിരുദ്ധമാണെന്നു കണ്ടെത്തിയതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന റോഡ് സുരക്ഷ അഥോറിറ്റിയാണു അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് സിഗ്നൽ സ്ഥാപിച്ചത്. ഒരു വർഷത്തിൽ താഴെ മാത്രമാണു സിഗ്നൽ പ്രവർത്തിച്ചത്.
നാല് റോഡിലും സിഗ്നൽ സ്ഥാപിക്കണം- എം.ജെ. ജിജോ (ഇരിങ്ങാലക്കുട പോലീസ് സിഐ)
ഠാണാ ജംഗ്ഷന്റെ മധ്യത്തിലായി ഒറ്റക്കാലിൽ സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ സംവിധാനം മാറ്റി, നാല് റോഡിലും സിഗ്നൽ ഒരുക്കിയാൽ മാത്രമേ പ്രയോജനകരമാകൂ. നാലുവശത്തുനിന്നും വരുന്ന വണ്ടികൾ ഒരുമിച്ചു കയറ്റിനിർത്തുന്നതിനാൽ സിഗ്നലിനനുസരിച്ച് കടന്നുപോകാൻ സ്ഥലമില്ലാതെ കുരുക്ക് അനുഭവപ്പെടുകയാണ്. നാലുഭാഗത്തെ റോഡുകളിലും ജംഗ്ഷനിൽ നിന്നു നീക്കി സ്ഥലം അടയാളപ്പെടുത്തി, വണ്ടികൾ നിർത്താൻ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചാൽ മാത്രമേ ട്രാഫിക് സംവിധാനം യഥാവിധി നടപ്പാക്കാൻ കഴിയൂ.