പൂരത്തിന് കൊടിയിറങ്ങി ഇന്ന് സംഗമപുരിയിൽ കൊടിയേറ്റം

കൂടല്‍മാണിക്യം ക്ഷേത്രം.
ഇരിങ്ങാലക്കുട: തൃശൂര്‍ പൂരത്തിന്റെ കൊടിയിറക്കം വടക്കുംനാഥനില്‍ അരങ്ങേറിയപ്പോൾ 11 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് പൂരപിറ്റേന്ന് മേടമാസത്തിലെ ഉത്രം നാളില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് കൊടിയേറും. സംഗമപുരിയെ ഉത്സവലഹരിയിലാക്കിക്കൊണ്ട് ഇന്ന് രാത്രി 8.10 നും 8.40 നും മധ്യേയാണ് കൊടിയേറ്റം. വൈകീട്ട് ഏഴിന് ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു സമീപം ഉത്സവം നടത്തുവാന്‍ അര്‍ഹനായ തന്ത്രിയെ കൂറയും പവിത്രവും നല്കി സ്വീകരിക്കുന്ന ആചാര്യവരണം എന്ന ചടങ്ങ് നടക്കും.
ക്ഷേത്രത്തിന്റെ ഊരാളന്‍ ആയി അവരോധിക്കപ്പെട്ട തച്ചുടകൈമളാണ് പണ്ട് ഈ ചടങ്ങ് നടത്തിയിരുന്നത്. കൈമള്‍ ഭരണം അവസാനിച്ചതിനെ തുടര്‍ന്ന് കുളമണ്ണില്‍ മൂസ്സാണ് കൂറയും പവിത്രവും നല്‍കുന്നത്. ക്ഷേത്രം തന്ത്രിമാരായ നഗരമണ്ണ്, അണിമംഗലം, തരണനെല്ലൂര്‍ എന്നീ ഗൃഹങ്ങളിലെ ഓരോ അംഗത്തിന് വീതമാണ് കൂറപവിത്രം നല്‍കുക. തിരുകൊച്ചി സംസ്ഥാന രൂപീകരണം നടന്ന് മഹാരാജസ്ഥാനം നഷ്ടപ്പെടുന്നതുവരെ ഉത്സവത്തിനുള്ള വീരാളിപ്പട്ട് കൊടിക്കൂറ തിരുവിതാംകൂര്‍ മഹാരാജാവ് കൊടുത്തയക്കുകയാണ് പതിവ്.
രാജാവിന്റെ പ്രതിപുരുഷനായി ക്ഷേത്രം ഭരിച്ചിരുന്ന തച്ചുടയകൈമളാണ് തന്ത്രിമാര്‍ക്ക് കൂറയും പവിത്രവും കൈമാറുക എന്ന ചടങ്ങ് നടത്തിയിരുന്നത്. ആചാര്യവരണത്തെ തുടര്‍ന്ന് കൊടിയേറ്റത്തിനുള്ള പ്രധാന ക്രിയകള്‍ ആരംഭിക്കും. പുണ്യാഹം ചെയ്ത് ശുദ്ധീകരിച്ച് ദര്‍ഭ കൊണ്ടുള്ള കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവയിലേക്ക് ആവാഹിച്ച് പൂജിക്കും. പാണി കൊട്ടിക്കഴിഞ്ഞ് തന്ത്രിയും പരിവാരങ്ങളും പുറത്ത് വന്ന് കൊടിമരം പ്രദക്ഷിണം ചെയ്യും.
പുണ്യാഹം തളിച്ചതിന് ശേഷം കൊടിമരപൂജ നടത്തി ദാനം ചെയ്ത് കൊടിയേറ്റും. ഉടനെ കൂത്തമ്പലത്തില്‍ കൂത്തിനായി മിഴാവ് കൊട്ടും. തുടര്‍ന്ന് അത്താഴപൂജ നടക്കും. ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശുദ്ധിക്രിയകള്‍ക്ക് നാളെ ഉച്ചപൂജയോടെ സമാപനമാകും. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു നാളെ കൊടിയേറി 18ന് രാപ്പാള്‍ ആറാട്ട് കടവില്‍ ആറാട്ടോടെ സമാപിക്കും. ഏഴു ദിവസം നീണ്ടു നില്ക്കുന്ന കഥകളിയും ചുറ്റമ്പലത്തിനുള്ളിലെ താന്ത്രിക ചടങ്ങുകളും ക്ഷേത്രസംസ്കാരത്തിനും ചേരുന്ന കലാപരിപാടികളും 17 ആനകള്‍ അണിനിരക്കുന്ന ശീവേലി എഴുന്നള്ളത്തും മറ്റു ക്ഷേത്രങ്ങളില്‍ നിന്നും കൂടല്‍മാണിക്യത്തെ വ്യത്യസ്തമാക്കുന്നു.