പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ സ്മാര്‍ട്ട് വെജ് കോപ്പ് മാര്‍ട്ട് ആരംഭിച്ചു
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തി ഫ്രഷ് വെജിറ്റബിള്‍ കോപ്പ് മാര്‍ട്ട് ബാങ്കിനു മുന്നില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമീണ കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങുകയും വില്പന നടത്തുകയും ചെയ്യുന്നതിനുള്ള സൗകര്യമാണു കോപ്പ് മാര്‍ട്ടിലൂടെ ലഭ്യമാക്കുന്നത്. മായമില്ലാത്ത നാടന്‍ പച്ചക്കറികള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിനും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു വിപണി ഉണ്ടാക്കുന്നതിനും സര്‍ക്കാരിന്റെ ഈ നയം മൂലം സാധിക്കും. ഗ്രീന്‍ പുല്ലൂര്‍ കോപ്പ് മാര്‍ട്ടിന്റെ ഔപചാരികമായ ഉദ്ഘാടനം മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ ബാങ്ക് ചെയര്‍മാനും പുല്ലൂര്‍ ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം ടി.കെ. ശശി, സെക്രട്ടറി ഇന്‍ചാര്‍ജ് പ്രസി ഹബാഷ് എന്നിവര്‍ പങ്കെടുത്തു. രാവിലെ 9.30 മുതല്‍ വൈകീട്ട് ഏഴു വരെ ആയിരിക്കും വെജ് ഫ്രഷ് കോപ്പ് മാര്‍ട്ടിന്റെ വില്പന ഉണ്ടായിരിക്കുക.