നിര്‍ധന കുടുംബത്തിനു കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്
ഇരിങ്ങാലക്കുട: നിര്‍ധന കുടുംബത്തിനു കൈതാങ്ങായി ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്. ആസാദ് റോഡിലെ വാടക വീട്ടില്‍ കഴിയുന്ന പായമ്മല്‍ വീട്ടില്‍ രാജേന്ദ്രന്റെ കുടുംബത്തിനാണു ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് സഹായം നല്‍കിയത്. ലോട്ടറി വില്പനക്കാരനായ രാജേന്ദ്രന്റെ ഇളയ മകള്‍ ദേവനന്ദയ്ക്കു രണ്ടു വയസ് പ്രായം മുതല്‍ കാഴ്ച്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടു. രാജേന്ദ്രന്റെ തുച്ഛമായ വരുമാനം മാത്രമാണു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അതും നിലച്ച അവസ്ഥയിലായി. പ്രദേശവാസി ഇരിങ്ങാലക്കുട ജനമൈത്രി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പലവ്യജ്ഞനങ്ങള് അടങ്ങിയ കിറ്റ് നല്കാന് എത്തിയത്. അപ്പോഴാണു കഴിഞ്ഞ നാലു മാസമായി വാടക പോലും നല്‍കിയിട്ടില്ലെന്ന വസ്തുതയും ഇളയ മകളുടെ അസുഖ വിവരവും അറിയുന്നത്. തുടര്‍ന്ന് പ്രവാസി വ്യവസായി നിസാര്‍ അഷറഫുമായി പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രന്റെ വീട്ടിലെത്തിയ ജനമൈത്രി പോലീസ് അംഗങ്ങളായ എസ്ഐ ക്ലീറ്റസ്, രാഹുല്‍, അരുണ്‍, സുഭാഷ്, അഞ്ജുമോന്‍ വെള്ളാനിക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് നാലു മാസത്തെ വാടക കുടിശിക നല്‍കുകയായിരുന്നു.