കാലവര്‍ഷം അരികെ…. മഴക്കാല പൂര്‍വ ശുചീകരണം എങ്ങുമെത്തിയില്ല
ചെറുമഴയില്‍ ഓടകള്‍ നിറഞ്ഞു കവിഞ്ഞു: പെരുമഴയെ എങ്ങനെ ചെറുക്കും ?
കാട്ടൂരില്‍ ബണ്ട് റോഡ് ഇടിഞ്ഞു….പടിയൂരില്‍ വെള്ളം കയറി
ഇരിങ്ങാലക്കുട: മഴക്കാലത്തിനു മുമ്പേ നടത്തേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പതിവുപോലെ ശുചീകരണത്തിനു കാര്യമായ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും മൂലം ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടില്ല. അപ്രതീക്ഷിതമായ കനത്ത മഴയെ തുടര്‍ന്ന് കാനകളും കനാലുകളുമെല്ലാം നിറഞ്ഞൊഴുകുന്നതിനാല്‍ അതിനിടെ ചെളികോരി മാറ്റുന്നതും വൃത്തിയാക്കലുമെല്ലാം ചടങ്ങായി മാറുന്നു എന്നാണു ആരോപണം. പല കാനകളിലും ചെറുതോടുകളിലും മണ്ണും മാലിന്യവും നിറഞ്ഞു കിടക്കുകയാണ്. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തോടുകള്‍ നിറഞ്ഞൊഴുകിയ സ്ഥിതിയിലായിരുന്നു. ഇത് മഴക്കാലത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനും ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കാരണമാകും. ഇന്നലെ പെയ്ത മഴയില്‍ കാട്ടൂരില്‍ മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള കനോലി കനാലിന്റെ ബണ്ട് റോഡ് ഇടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പടിയൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തോടുകളുള്ള പ്രദേശമാണിത്. പലയിടത്തും ചെറുതോടുകള്‍ നികത്തിയതുമൂലം സ്വകാര്യ വ്യക്തികളുടെ പറമ്പിലൂടെയാണു ഇപ്പോള്‍ വെള്ളം ഒഴുകുന്നത്. നീരൊഴുക്ക് സുഗമമാക്കുന്നതിനായി അരിപ്പാലം ഭാഗത്തുള്ള കെട്ടുചിറയുടെ ഒരു ഷട്ടര്‍ ഇന്നലെ തുറന്നു. കാറളം പഞ്ചായത്തില്‍ താണിശേരി പ്രദേശത്ത് കെഎല്‍ഡിസി കനാല്‍ വൃത്തിയാക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുല്ലും ചണ്ടിയും നിറഞ്ഞു കിടക്കുന്നതിനാല്‍ കനാലില്‍ നീരൊഴുക്ക് തടസപ്പെടുകയും ഇത് ഈ പ്രദേശത്തെ വെള്ളക്കെട്ടിനു കാരണമാകുമെന്നാണു നാട്ടുക്കാര് പറുന്നത്. ഇക്കാര്യം പഞ്ചായത്തധികൃതര്‍ കെഎല്‍ഡിസി അധികൃതരെ അറിയിച്ചിട്ടുണ്ട്. കോവിഡിനൊപ്പം ഒരു മാസം മുമ്പ് ഡെങ്കിപ്പനിയും സ്ഥിരീകരിച്ച മുരിയാട് പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം പാതിവഴിയിലാണ്. ഏഴാം വാര്‍ഡിലെ മൂന്നു പേര്‍ക്കാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. ആറു വാര്‍ഡുകളിലാണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചത്. ശുചീകരണ നടപടികള്‍ വേഗത്തിലാക്കുവാന്‍ ഇന്ന് അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ ഒന്നാം വാര്‍ഡില്‍ ഇല്ലിക്കല്‍ റെഗുലേറ്ററിനു സമീപം ബണ്ട് റോഡ് കഴിഞ്ഞ മഴയില്‍ ഇടിഞ്ഞിരുന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മഴ കനത്താല്‍ കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ഉയരുകയും ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തുകയും വേണം. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുകയും റോഡിന്റെ കൂടുതല്‍ ഭാഗം ഇടിയുവാന്‍ സാധ്യതയുമുണ്ട്. കഴിഞ്ഞ മഴയില്‍ ഇടിഞ്ഞ കരുവന്നൂര്‍ ചത്രാപ്പ് കായല്‍ ബണ്ട് റോഡ്് മണ്ചാക്കും പലകകളും ഇട്ട് ഉയര്‍ത്തി ബലപ്പെടുത്തിയിട്ടുണ്ട്.