ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗവേഷക സംഘത്തിന് അന്തര്‍ദേശീയ അംഗീകാരം
ആറു പതിറ്റാണ്ടിനു ശേഷം ഇന്ത്യയില്‍ നിന്നും പുതിയ ഇനം ഹരിത ലോല വലചിറകന്‍
ഇരിങ്ങാലക്കുട: പാരിസ്ഥിതിക പ്രശ്നങ്ങളും വംശനാശ ഭീഷണിയുടെയും വാര്‍ത്തകള്‍ക്കിടയില്‍ പ്രതീക്ഷയുടെ ഒരു പുല്‍നാമ്പ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്ഇആര്‍എല്‍) ഗവേഷക സംഘം വലചിറകന്‍ വിഭാഗത്തിലെ പുതിയ ഒരു സ്പീഷിസിനെ പാലക്കാട് ജില്ലയില്‍ നിന്നും കണ്ടെത്തി. ഹരിത ലോല വലചിറകന്‍ വിഭാഗത്തിലെ പുതിയ സ്പീഷീസായ ഇതിന് ‘ജോഗുന യൂണിമാക്കുലേറ്റ’ എന്നാണ് പേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘സൂടാക്സ’യിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണന്, അസിസ്റ്റന്റ് പ്രഫസറും ഗവേഷണ മേധാവിയുമായ ഡോ. ബിജോയ്, കാലിഫോര്‍ണിയ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ വിഭാഗത്തിലെ പ്രഫ. ഷോണ്‍ വിന്റര്ട്ടന് എന്നിവരടങ്ങിയ ടീമാണു ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോകത്തിലെ തന്നെ ആറാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും മാത്രം ജോഗുന വലചിറകന്‍ ഇനമാണ് ഈ സംഘം കണ്ടെത്തിയത്. 57 വര്‍ഷത്തിനു ശേഷമാണ് ഈ വിഭാഗത്തിലെ പുതിയ സ്പീഷീസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൃഷിയിടങ്ങളില്‍ ജൈവ കീടനിയന്ത്രണത്തിനു സഹായിക്കുന്ന ഈ വിഭാഗത്തിലെ പുതിയ സ്പീഷീസിന്റെ കണ്ടെത്തല്‍ ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിരല്‍ ചൂണ്ടുന്നു. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ (എസ്ഇആര്‍എല്‍) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഫോണ്‍: ഡോ. ബിജോയ്-9895551003.