വിവരാവകാശ ചോദ്യത്തിനു തെറ്റായ മറുപടി നല്‍കിയതിനു പഞ്ചായത്ത് മുന്‍ സെക്രട്ടറിക്ക് വീണ്ടും പിഴ
വിവരാവകാശ നിയമത്തിലൂടെ ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കു തെറ്റായ മറുപടി നല്‍കിയതിനു വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു വീണ്ടും പിഴ. വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ.എഫ്. ആന്റണിക്കാണു സംസ്ഥാന വിവരാവകാശ കമ്മീഷന് പിഴ വിധിച്ചത്. ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി കെ.പി. മാത്യു കോക്കാട്ട് നല്കിയ ചോദ്യത്തിനു മറുപടി നല്കാന് വീഴ്ചവരുത്തിയ വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളാണു 2000 രൂപ പിഴ ചുമത്തിയത്. തൊമ്മാന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു വാല്‍വുകള്‍ സ്ഥാപിക്കുന്നതിനു പഞ്ചായത്ത് പണം ചെലവഴിച്ചതായി കാണുന്നില്ലായെന്നു ഉത്തരം നല്‍കിയതെന്നും രണ്ടാമത്തെ ചോദ്യത്തിനു ഈ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ ബാധകമല്ലായെന്ന മറുപടിയാണു നല്‍കിയത്.
വ്യക്തമായി എല്ലാ ഫയലുകളും പരിശോധിക്കാതെ ഹര്‍ജിക്കാരനു തെറ്റായ വിവരങ്ങള്‍ നല്കിയതു വിവരാവകാശ നിയമപ്രകാരം ഗുരുതരമായ വീഴ്ചയാണെന്നും മനപൂര്‍വമായ വീഴ്ചയാണെന്നും വിലയിരുത്തിയാണു പിഴ ചുമത്തിയത്. സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന കെ.എഫ്. ആന്റണിയെ ശിക്ഷിക്കുവാനും ശിക്ഷയായി 2000 രൂപ പിഴ ഈടാക്കുവാനും മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉത്തരവാക്കി. പഞ്ചായത്ത് സെക്രട്ടറിക്കു ഈ വിഷയത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യമാണു സംസ്ഥാന വിവരാവകാശ കമ്മീഷന് പിഴ ചുമത്തുന്നത്.