കോവിഡ് ബാധിത കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ഇരിങ്ങാലക്കുട പോസ്റ്റ് മേന്‍ കൂട്ടായ്മ
പൂമംഗലം: പഞ്ചായത്തിലെ മാരാത്ത് കോളനിയില്‍ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 35 കുടുംബങ്ങള്‍ക്ക് അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകള്‍ നല്കി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്മാര് മാതൃകയായി. 35 കുടുംബങ്ങളാണു മാരാത്ത് കോളനിയിലുള്ളത്. അവരില്‍ മിക്ക വീടുകളിലും കോവിഡ് ബാധിച്ചതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. എല്ലാ സഹായവുമെത്തിച്ചിരുന്ന ആര്ആര്ടിമാര്ക്കും കോവിഡ് പിടിപെട്ടു. മാരാത്ത് കോളനിയിലെ ദുരിതം സമീപവാസിയും ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനുമായ ടി.ബി. സുനിലയാണ് ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് അവരുടെ വീടുകളില്‍ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ഓഫീസിലെത്തിച്ച് വീട്ടുകാര്‍ക്ക് നല്കുകയുണ്ടായി. ഇരിങ്ങാലക്കുട നോര്‍ത്ത് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന് റീജ അവരുടെ വകയായി ഒരു ചാക്ക് അരിയും നല്കുകയുണ്ടായി. ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെയും ഹെഡ്പോസ്റ്റ് ഓഫീസിലെയും റിട്ടയര്‍ ചെയ്ത ഏതാനും ജീവനക്കാരുടെയും സഹായത്താലാണ് ഇവര്‍ക്ക് സഹായം നല്കാന് സാധിച്ചത്. പോസ്റ്റല്‍ സൂപ്രണ്ട് സി.ഐ. ജോയ് മോന് ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് അങ്കണത്തില്‍ വച്ച നടന്ന ചടങ്ങില്‍ പോസ്റ്റ്മാസ്റ്റര്‍ സി.സി. ശബരീഷ് അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് റിട്ട. പോസ്റ്റ്മാന് ടി.കെ. ശക്തീധരന്, പോസ്റ്റ്മാന്‍മാരായ ഉണ്ണിക്കൃഷ്ണന്, രേണുക, ബിന്ദു, അപര്‍ണ, സൗമ്യ, ബാബു, വിമല്‍ കുമാര്‍, ഷീന എന്നിവര്‍ നേതൃത്വം നല്കി. കോളനി നിവാസികള്‍ക്കു വേണ്ടി സമീപവാസിയായ രശ്മിയും കുടുംബവും കിറ്റുകള്‍ ഏറ്റുവാങ്ങി. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി സുനിലയുടെ വീട്ടിലെത്തി പ്രശംസിക്കുകയും പഞ്ചായത്തിന്റെ നന്ദി അറിയിക്കുകയും ചെയ്തു. പോസ്റ്റ്മാന് യൂണിയന് എന്‍എഫ്പിഇയുടെ ഇരിങ്ങാലക്കുട ഡിവിഷന് അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് സുനില