ജാഗ്രതാ നിര്‍ദേശവുമായി മുസാഫരിക്കുന്നില്‍ ദേശീയ ദുരന്തപ്രതികരണസേന
മുസാഫരിക്കുന്ന് ഓയില്‍ മില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു
കോണത്തുകുന്ന്: കഴിഞ്ഞ ദിവസം മുസാഫരിക്കുന്ന് ഓയില്‍ മില്‍ റോഡിലേക്കു മണ്ണിടിഞ്ഞു. റോഡിന്റെ ഒരുവശത്ത് 20 അടിയോളം താഴ്ചയുള്ള പറമ്പും മറുവശത്തെ ഉയര്‍ന്ന സ്ഥലത്ത് നിരവധി വീട്ടുകാരുടെ പുരയിടങ്ങളുമാണുള്ളത്. ഇതില്‍ ആലിയം വീട്ടില്‍ യൂനസിന്റെ പുരയിടത്തിന്റെ മുന്‍ഭാഗമാണ് റോഡിലേക്ക് ഇടിഞ്ഞത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന റോഡ് പല ഭാഗങ്ങളിലായി താഴെയുള്ള പറമ്പിലേക്ക് ഇടിഞ്ഞിട്ടുണ്ട്. റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് വാര്‍ഡ് മെമ്പര്‍ കെ.എ. സദക്കത്തുള്ളയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കത്ത് കളക്ടര്‍ക്ക് കൈമാറുകയും കളക്ടറുടെ നിര്‍ദേശപ്രകാരം മണ്ണ് പരിശോധനാവിഭാഗം പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. റോഡിനു സമീപം താമസിക്കുന്ന മുത്തൊള്ളോന് വീട്ടില്‍ അംബികയുടെയും മംഗലത്ത് വീട്ടില്‍ ഓമനയുടെയും തരുപീടികയില്‍ നഫീസയുടെയും വീടുകള്‍ അപകടഭീഷണി നേരിടുന്നവയാണ്. മുസാഫരിക്കുന്നിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഈ റോഡിലേക്കു വെള്ളം മഴയില്‍ കുത്തിയൊലിക്കുന്നുണ്ട്. കൂടാതെ റോഡിലെ ചെറിയ കുഴികളിലൂടെ വെള്ളം ഉറവയായി പോകുന്നതും അപകടഭീഷണി വര്‍ധിപ്പിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ബി. ബിനോയ്, വാര്‍ഡംഗം കെ.എ. സദക്കത്തുള്ള, വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശം ദേശീയ ദുരന്തപ്രതികരണ സേനാംഗങ്ങള്‍ സന്ദര്‍ശിച്ചു. അപകടസാധ്യതയുള്ള വീട്ടുകാര്‍ക്ക് ആവശ്യമായ സുരക്ഷാനിര്‍ദേശങ്ങള്‍ നല്കി. 11 പേരടങ്ങുന്ന സംഘമാണ് മുസാഫരിക്കുന്നില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി എത്തിയത്. മുകുന്ദപുരം തഹസില്‍ദാരുടെ ചുമതല വഹിക്കുന്ന കെ. ശാന്തകുമാരി, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. സിനി, വില്ലേജ് ഓഫീസര്‍ സി.ആര്. ജോയ്സണ്‍, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ എം.എം. സാദിക്ക്, പഞ്ചായത്തംഗങ്ങളായ എം.എച്ച്. ബഷീര്‍, കെ.എ. സദക്കത്തുള്ള എന്നിവരും ഉണ്ടായിരുന്നു.
അതിജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണ് മുസാഫരിക്കുന്ന്.
കോണത്തുക്കുന്ന്: വര്‍ഷങ്ങളായി മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണിത്. 2008 ല്‍ ഇവിടെ വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. അന്നത്തെ റവന്യു മന്ത്രി കെ.പി. രാജേന്ദ്രന്, ജില്ലാ കളക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും അപകടാവസ്ഥയിലുള്ള വീടുകളില്‍ താമസിക്കുന്നവരെ താത്കാലികമായി മാറ്റിപാര്‍പ്പിക്കുകയും കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. 2018, 2019 വര്‍ഷങ്ങളില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍ രൂക്ഷമായിരുന്നു. തുടര്‍ന്ന് കളക്ടര്‍ എസ്. ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ അപകടാവസ്ഥയിലുള്ള അഞ്ച് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചു. അതില്‍ മൂന്നു കുടുംബങ്ങള്‍ സ്ഥലം കണ്ടെത്തി വീടുപണഇത് മാറുകയും ചെയ്തു. കഴിഞ്ഞവര്‍ഷം ബെന്നി ബഹനാന് സ്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ളവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓരോ വര്‍ഷവും മണ്ണിടിച്ചിലും അപകടസാധ്യതയും കൂടിവരുന്നതിനാല്‍ കൂടുതല്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട സ്ഥിതിയാണുള്ളത്.