അപകടങ്ങള്‍ ഒഴിയുന്നില്ല,പടിയൂര്‍ കെട്ടുചിറ റോഡിന് സംരക്ഷണഭിത്തി വേണം
പടിയൂര്‍: വീതികുറഞ്ഞ കെട്ടുചിറ റോഡില്‍ സ്ലൂയിസ് കനാലിനു സമീപമുള്ള റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അരിപ്പാലം, വളവനങ്ങാടി ഭാഗത്തുനിന്ന് ബ്രാലം, കൊടുങ്ങല്ലൂര്‍, എസ്എന്‍ പുരം ഭാഗത്തേക്ക് എളുപ്പം പോകാന്‍ കഴിയുന്ന പൊതുമരാമത്ത് റോഡിലാണ് സംരക്ഷണഭിത്തി ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവാകുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഇരുവശവും കാടുകയറിയ അവസ്ഥയിലാണ്. വണ്ടികള്‍ അരികിലേക്ക് ഒതുക്കുമ്പോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. നേരത്തെ ഒരു പെട്ടിഓട്ടോ മറിഞ്ഞതിനെത്തുടര്‍ന്ന് ഇരുവശത്തും അധികൃതര്‍ മുന്നറിയിപ്പായി വള്ളി കെട്ടിയിരുന്നെങ്കിലും ഇപ്പോള്‍ അതും ഇല്ലാതായി. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിനെയും പടിയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കെട്ടുചിറയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ലൂയിസ് കം ബ്രിഡ്ജ് സ്ഥാപിച്ചത്. അന്നുമുതല്‍ തന്നെ ഇരുവശത്തുമുള്ള റോഡുകള്‍ വീതികൂട്ടി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 2015-16 വര്‍ഷത്തില്‍ ഷട്ടറുകള്‍ സ്ഥാപിച്ച് പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് വീതികൂട്ടി കരിങ്കല്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ പടിയൂര്‍ പഞ്ചായത്തിന്റെ പ്രദേശത്തുള്ള ബാക്കിയുള്ള ഭാഗത്ത് വീതികൂട്ടുകയോ കരിങ്കല്‍ ഭിത്തി കെട്ടുകയോ ഉണ്ടായില്ല. പ്രദേശത്ത് വഴിവിളക്കില്ലാത്തതും രാത്രി അപകടഭീഷണി ഉയര്‍ത്തുന്നു. യാത്രക്കാരുടെ ജീവനു ഭീഷണി ആകുന്ന ഈ റോഡിന്റെ അരികുകള്‍ വീതികൂട്ടി നിര്‍മിച്ച് സംരക്ഷണഭിത്തി കെട്ടി അപകടാവസ്ഥ ഒഴിവാക്കണം. പാലം നിര്‍മിച്ച കാലം മുതല്‍ റോഡ് വീതികൂട്ടി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു വരുന്നുണ്ട്. റോഡിന്റെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ഡിസംബറില്‍ ജില്ലാ കളക്ടര്‍ക്കു നല്കിയ പരാതിയെത്തുടര്‍ന്ന് അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് മറുപടി ലഭിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. അടിയന്തരമായി ഈ ഭാഗം വീതികൂട്ടി സംരക്ഷണഭിത്തി കെട്ടി അപകടഭീഷണി ഒഴിവാക്കണമെന്നും പാലത്തിലും റോഡിലും വൈദ്യുതിവിളക്ക് സ്ഥാപിക്കാനും നടപടി വേണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. അതേസമയം സംരക്ഷണഭിത്തി നിര്‍മിക്കുന്ന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.