കലാനിലം സംരക്ഷിക്കുവാന്‍ മന്ത്രിമാര്‍ക്കു കലാനിലയം ഗോപിയാശാന് നിവേദനം നല്കി
ഇരിങ്ങാലക്കുട: ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം സംരക്ഷിക്കണമെന്നാവശ്യപ്പട്ട് മുന്‍ പ്രിന്‍സിപ്പല്‍ കലാനിലയം ഗോപിയാശാന് മന്ത്രിമാര്‍ക്കു മുമ്പില്‍ കഥകളി വേഷമിട്ട് നിവേദനങ്ങള്‍ നല്കി. ദേവസ്വം മന്ത്രി രാധാകൃഷ്ണനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിനുമാണ് പട്ടാഭിഷേകം കഥകളിയില്‍ ഭരതനായി വേഷമിട്ടാണ് നിവേദനം നല്‍കിയത്. പ്രിന്‍സിപ്പല്‍മാരും അധ്യാപകരുമായ കലാമണ്ഡലം എസ്. അപ്പുമാരാര്‍, കലാനിലയം രാഘവന്, കലാമണ്ഡലം കുട്ടന്, കലാനിലയം പരമേശ്വരന്, കലാനിലയം കുഞ്ചുണ്ണി, എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട്, കലാനിലയം ഗോപാലകൃഷ്ണന്, കലാമണ്ഡലം രാജേന്ദ്രന്, കലാനിലയം ഗോപി, കലാമണ്ഡലം നാരായണന് എമ്പ്രാന്തിരി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുള്ളതാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കലാനിലയം ജീവനക്കാര്‍ക്കു മാസാമാസം ശമ്പളം ലഭിക്കുന്നില്ല. ഇപ്പോള്‍ എട്ടുമാസത്തെ ശമ്പളം കുടിശികയാണ്. വിദ്യാര്‍ഥികള്‍ക്കു സ്റ്റൈപ്പെന്റ് നല്‍കേണ്ടതുണ്ട്. കലാനിലയത്തില്‍ കോഴ്സുകള്‍ കാലാനുസൃതമായി പരിഷ്കരിക്കണം. സര്‍ട്ടിഫിക്കറ്റിനു അംഗീകാരം വേണം. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ ആറു വര്‍ഷത്തെ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പിജി ഡിപ്ലോമയുമാണ് ഉള്ളത്. മറ്റു സ്ഥാപനങ്ങളില്‍ ജോലി തേടുമ്പോഴോ പിഎസ്സിയിലോ ഇവയ്ക്ക് അംഗീകാരം ലഭിക്കുന്നില്ല. കൂടാതെ മറ്റു സ്ഥാപനങ്ങളിലേതുപോലെ ഡിഗ്രി കോഴ്സുകള്‍, പോസ്റ്റ് ഗ്രാജ്യുവേഷന്, എംഫില്‍, പിഎച്ച്ഡി തുടങ്ങിയ കോഴ്സുകള്‍ ഉള്‍പ്പെടെ ഇവിടെ നടത്താന്‍ കഴിയുന്ന വിധത്തില്‍ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കണം. കലാനിലയം നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം ഉണ്ടാകണം എന്നീ കാര്യങ്ങളാണ് നിവേദനത്തില്‍ സൂചിപ്പിച്ചീട്ടുള്ളത്. കലാനിലയത്തിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇടങ്ങള്‍, ഹോസ്റ്റല്‍, ഹാള്‍, ബൃഹത്തായ ലൈബ്രറി, മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്ക് നിരവധി ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കാലാനുസൃതമായ അറ്റകുറ്റപണികളുടെ വലിയ കുറവുകള്‍ ഉണ്ട്. കലാനിലയത്തില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്ഷന് ലഭിക്കുന്നില്ല. 35 ഉം 40 ഉം വര്‍ഷം ജോലി ചെയ്ത് വിരമിക്കുന്നവര്‍ക്ക് പെന്ഷന്, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കാത്ത ദുസ്ഥിതി മാറണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനും നളചരിതത്തിന്റെ കര്‍ത്താവുമായ ഇരിങ്ങാലക്കുടയുടെ അഭിമാനമായ ഉണ്ണായി വാരിയരുടെ സ്മരണാര്‍ഥം 1955 ല്‍ സ്ഥാപിക്കപ്പെട്ട കഥകളി വിദ്യാലയമാണ് ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം.