യോഗങ്ങള്‍ ഓണ്‍ലൈനില്‍ ചേരുന്നതില്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍
കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നഗരസഭ യോഗങ്ങള്‍ ഓണ്‍ലൈനില്‍ ചേരുന്നതില്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍
ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം;
യോഗങ്ങള്‍ ഓണ്‍ലൈനില്‍ ചേരുന്നത് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍
ഇരിങ്ങാലക്കുട: കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നഗരസഭ യോഗങ്ങള്‍ ഓണ്‍ലൈനില്‍ ചേരുന്നതില്‍ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍. നഗരസഭ ചെയര്‍പേഴ്സണും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും സെക്രട്ടറിയും ഓണ്‍ലൈനായി നഗരസഭ യോഗത്തില്‍ പങ്കെടുക്കാന്‍ കൗണ്‍സില്‍ ഹാളില്‍ എത്തിയപ്പോഴാണു പ്ലക്കാര്‍ഡുകളുമായി ബിജെപി അംഗങ്ങളുടെ പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂവായിരം പേര് പങ്കെടുത്ത വാക്സിനേഷന് ക്യാമ്പിനെതിരെയും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൂറുകണക്കിനു പേര് പങ്കെടുത്ത ഗോപുരനവീകരണ ചടങ്ങിനെതിരെയും കണ്ണടച്ച നഗരസഭ, കോവിഡിന്റെ പേരില്‍ ചര്‍ച്ചകള്‍ അട്ടിമറിക്കുകയാണെന്നു ബിജെപി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, ടി.കെ. ഷാജു എന്നിവര്‍ കുറ്റപ്പെടുത്തി. ലോക്സഭയും നിയമസഭയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്നുണ്ടെന്നും അകലം പാലിച്ച് ടൗണ്‍ഹാളില്‍ യോഗം ചേരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നഗരസഭ പ്രവര്‍ത്തിക്കുന്നതെന്നു ചെയര്‍പേഴ്സണ്‍ സോണിയഗിരി മറുപടി നല്കി. 20 പേര് പങ്കെടുക്കുന്ന യോഗങ്ങള്‍ക്കു മാത്രമേ അനുമതിയുള്ളൂവെന്നും അംഗങ്ങളുടെ വികാരം ജില്ലാ ഭരണകൂടത്തെയും ദുരന്തനിവാരണ വകുപ്പിനെയും അറിയിക്കാമെന്നും സെക്രട്ടറി വിശദീകരിച്ചു. കോവിഡിന്റെ പേരു പറഞ്ഞ് അഞ്ചു വര്‍ഷവും ഇങ്ങനെ തുടരാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും യോഗം മാറ്റി വയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. യോഗം മാറ്റിവക്കില്ലെന്നു ചെയര്‍പേഴ്സണും മറുപടി നല്കി. തുടര്‍ന്ന് ഓണ്‍ലൈനായി യോഗം ആരംഭിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മുദ്രാവാക്യ വിളികള്‍ക്കിടയില്‍ നടന്ന യോഗത്തില്‍ ചെയര്‍പേഴ്സണും സെക്രട്ടറിയും പറയുന്നതു വ്യക്തമാകുന്നില്ലെന്ന് ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ചില അംഗങ്ങള്‍ ആക്ഷേപങ്ങളും ഉയര്‍ത്തി. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു.