പ്രായത്തെ നിഷ്പ്രഭമാക്കി സദനം കൃഷ്ണന്‍കുട്ടിയുടെ രാവണപ്രഭാവം
ഇരിങ്ങാലക്കുട: 80 ലും 20 ന്റെ ചുറുചുറുക്കോടെ രാവണന്റെ പ്രഭാവപൂര്ണിമയില് സദനം കൃഷ്ണന്‍കുട്ടി നിറഞ്ഞാടിയപ്പോള്‍ ആസ്വാദകര്‍ ആവേശഭരിതരായി. സദനം കൃഷ്ണന്‍കുട്ടിയുടെ അശീതി ആഘോഷമായ കൃഷ്ണനാദത്തിന്റെ ഒന്നാംഘട്ട പരിപാടിയിലാണ് അദ്ദേഹം ബാലിവിജയത്തില്‍ രാവണനായി അരങ്ങുനിറഞ്ഞത്. കോവിഡ് കാലയളവിനുശേഷം ആദ്യമായിട്ടാണ് ആശാന് ഇത്രയും ദൈര്‍ഘ്യമേറിയ വേഷം അവതരിപ്പിക്കുന്നത്. നാലുമണിക്കൂര്‍ നീണ്ട കഥകളിയില്‍ രാവണനും മണ്ഡോദരിയുമായുള്ള ശൃംഗാരപദവും നാരദനുമായുള്ള ആട്ടവും ബാലിയുമൊത്തുള്ള രംഗവും കൃഷ്ണന്‍കുട്ടി അവിസ്മരണീയമാക്കി. ചിട്ടപ്രധാനവും വളരെ അധ്വാനം വേണ്ടതുമായ രാവണനെ അതിന്റെ പൂര്‍ണതയില്‍ ആശാന് ആവിഷ്കരിച്ചു. കൈലാസോദ്ധാരണം, പാര്‍വതീവിരഹം ആട്ടങ്ങള്‍ കൃഷ്ണന്‍കുട്ടി ജനപ്രിയമായി അവതരിപ്പിച്ചു. മണ്ഡോദരിയായി കലാമണ്ഡലം ചമ്പക്കര വിജയകുമാറും നാരദനായി സദനം ഭാസിയും രംഗത്തെത്തി. ബാലിയായി വേഷമിട്ടത് ആശാന്റെ പ്രധാനശിഷ്യനും താടി വേഷത്തിന്റെ ആചാര്യനുമായ കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനാണ്. കോട്ടയ്ക്കല്‍ നാരായണന്, വേങ്ങേരി നാരായണന് എന്നിവര്‍ സംഗീതമൊരുക്കി. സദനം രാമകൃഷ്ണന്, ദേവദാസ് എന്നിവരായിരുന്നു മേളം. കലാനിലയം സജി ചുട്ടിയിലും എം.എന്‍. നാരായണന്‍നായര്‍ അണിയറയിലും നേതൃത്വം നല്കി. ഇരിങ്ങാലക്കുട രംഗഭൂഷയായിരുന്നു ചമയം.