വയോധികന് സംരക്ഷണമൊരുക്കി മെയിന്റനന്‍സ് ട്രൈബ്യൂണല്‍
ഇരിങ്ങാലക്കുട: സ്വന്തമായി വീടോ സംരക്ഷിക്കാന്‍ ബന്ധുക്കളോ ഇല്ലാതെ വഴിയരികില്‍ കഴിഞ്ഞിരുന്ന വയോധികന് സംരക്ഷണമൊരുക്കാന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ ഇടപെടല്‍. സംരക്ഷിക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന വയോധികന്റെ ജീവിതാവസ്ഥ മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.കെ. ജയാനന്ദന് സാമൂഹ്യനീതി വകുപ്പ് മന്ത്രിയെ അറിയിക്കുകയും ഡോ.ആര്. ബിന്ദു വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണല്‍ ആന്‍ഡ് ആര്‍ഡിഓ എം.എച്ച്. ഹരീഷിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആയിരുന്നു.
ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ സാമൂഹ്യനീതി വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന് അടിയന്തിര അന്വേഷണം നടത്തുകയും പുത്തന്‍തോടിന് സമീപം വഴിയരികില്‍ കഴിഞ്ഞിരുന്ന കല്ലേറ്റുംകര തങ്കപ്പന് നായര്‍ (61) എന്ന വയോധികന്റെ ജീവിതസാഹചര്യം കാണിച്ചു സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും ഇരിങ്ങാലക്കുട ആര്‍ഡിഓ യ്ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.ജി. രാഗപ്രിയ, ഓര്‍ഫനേജ് കൗണ്‍സിലര്‍ മാര്‍ഗരറ്റ് പാട്രിസണ് എന്നിവര്‍ പുനരധിവാസ സ്ഥാപനം നിര്‍ദേശിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം.എച്ച്. ഹരീഷ്, തങ്കപ്പന് നായരെ ചാലക്കുടി കുറ്റിക്കാടുള്ള ഫെനുവല് ഫൌണ്ടേഷന് എന്ന പുനരധിവാസകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവ് നല്‍കുകയായിരുന്നു. അവിവാഹിതനും ആശ്രയിക്കാന്‍ ആരുമില്ലാത്ത തങ്കപ്പന് നായര്‍ വഴിയരികില്‍ വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്നതായും നിലവില്‍ വാര്‍ധക്യത്തിന്റെ അവശത അനുഭവിച്ചു വഴിയിലും, കടത്തിണ്ണകളിലും അന്തിയുറങ്ങുന്നതായും നാട്ടുകാര്‍ പറയുന്നു. സുമനസുകളായ ചിലര്‍ ആണ് ചില സമയങ്ങളില്‍ ഭക്ഷണം വാങ്ങി നല്കുന്നതുപോലും. വര്‍ഷങ്ങളായി തീപ്പെട്ടി കമ്പനിയിലും, കൊപ്രക്കളത്തിലും ജോലി ചെയ്ത് വന്നിരുന്ന തങ്കപ്പന്‍നായര്‍ക്ക് ഇപ്പോള്‍ ജോലി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ. പ്രവീണ്‍, ടി.കെ. ജയാനന്ദന്, പി.എം. മോഹനന്, പോളി കല്ലേരി കാഞ്ഞിരക്കാടന്‍, ദീപക് ദിവാകരന് എന്നിവര്‍ സ്ഥലത്തെത്തി തങ്കപ്പന് നായരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.