പിടിതരാതെ കോവിഡ്, ഇരിങ്ങാലക്കുട കനത്ത ജാഗ്രതയില്‍
- ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഇന്നലെ 31 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു
- നഗരസഭയില്‍ എട്ട് പേര്‍ക്ക് കോവിഡ് -നഗരസഭയില്‍ നിരീക്ഷണത്തിലുള്ളവര്‍-650
- അവിട്ടത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കും ഐക്കരക്കുന്നില്‍ ആറ് പേര്‍ക്കും മുരിയാട് ഒരു കുടുംബത്തിലെ നാല് പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.
- ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.
ഇരിങ്ങാലക്കുട: ജില്ലയില്‍ ഇന്നലെ 56 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മാത്രം 31 പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. നഗരസഭ പരിധിയില്‍ എട്ട് പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭാ പ്രദേശത്ത് സ്വകാര്യ കമ്പനികളുമായി ബന്ധപ്പെട്ട ആറു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വേളൂക്കര പഞ്ചായത്തില്‍ അവിട്ടത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കും ഐക്കരക്കുന്നില്‍ ആറു പേര്‍ക്കും വിദേശത്തു നിന്നു വന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച വ്യക്തി അടക്കം 13 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുരിയാട് പഞ്ചായത്തില്‍ അഞ്ചു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയാണു അധികം പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ നാലു പേര് പട്ടികയിലുണ്ട്. ഇരിങ്ങാലക്കുടയിലെ കമ്പനികളില്‍ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണു പട്ടികയില്‍ ഉള്ളത്. പടിയൂര്‍ പഞ്ചായത്തില്‍ കാക്കാത്തുരുത്തിയിലാണു ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അവിട്ടത്തൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുവിനാണു ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷന്) എന്നിവരും രോഗം സ്ഥീകരിച്ച പട്ടികയിലുണ്ട്. അവിട്ടത്തൂരില്‍ കോവിഡ് മൂലം മരിച്ച വ്യക്തിയില്‍ നിന്ന് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മരിച്ച വ്യക്തിയുടെ അമ്മക്കും ഭാര്യക്കും രണ്ട് മക്കള്‍ക്കും ബന്ധുവിനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കെഎസ്ഇ കമ്പനിയില്‍ വെച്ച് നടന്ന സ്രവ പരിശോധനയില്‍ 223 പേരെ ആന്റിജന്‍ പരിശോധനക്കും ഒമ്പത് പേരെ ആര്‍ടിപിസിആര്‍ പരിശോധനക്കും ഹാജരാക്കി. ആയതില്‍ 223 പേരില്‍ 2 പേര്‍ക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. 9 പേരുടെ പരിശോധനാ ഫലം രണ്ട് ദിവസം കഴിഞ്ഞേ ലഭ്യമാകൂ. 650 പേരാണ് നഗരസഭാ പ്രദേശത്ത് നിരീക്ഷണത്തിലുള്ളത്. 354 പേര് വീടുനിരീക്ഷണത്തിലും ആറ് പേര് സ്ഥാപന നിരീക്ഷത്തിലും 290 പേര് സമ്പര്‍ക്ക നിരീക്ഷണത്തിലുമാണ്. 105 പേരാണ് വിദേശത്തു നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുന്നത്. 247 പുരുഷന്മാരും 107 സ്ത്രീകളുമാണ് വീടുനിരീക്ഷണത്തിലുള്ളത്. ഇരിങ്ങാലക്കുടയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി റൂറല്‍ എസ് പി ആര് വിശ്വനാഥന് ഇരിങ്ങാലക്കുടയില്‍ സന്ദര്‍ശനം നടത്തി. ഇരിങ്ങാലക്കുട ഠാണവിലും മാര്‍ക്കറ്റിലും സന്ദര്‍ശിച്ച ശേഷം രോഗവ്യാപനം ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്ത കെ എസ് ഇ കമ്പനിയിലും എസ് പി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.