കരുവന്നൂര്‍-മൂര്‍ക്കനാട് സൗത്ത് ബണ്ട് ഇറിഗേഷന്‍ റോഡ് തകര്‍ന്ന നിലയില്‍
മൂര്‍ക്കനാട്: തകര്‍ന്ന് വലിയ കുഴികളായി കിടക്കുന്ന കരുവന്നൂര്‍-മൂര്‍ക്കനാട് സൗത്ത് ബണ്ട് ഇറിഗേഷന്‍ റോഡിന്റെ അവസ്ഥയില്‍ പ്രതിഷേധം ഉയരുന്നു. കാറളം, തൃപ്രയാര്‍, എടമുട്ടം, കാട്ടൂര്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് എളുപ്പം തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന റോഡാണിത്. നേരത്തെ തോമസ് ഉണ്ണിയാടന് എംഎല്‍എയായിരുന്ന കാലത്ത് രണ്ടുകോടി ഏഴുലക്ഷം രൂപ ചെലവില്‍ വലിയപാലം മുതല്‍ കാറളം വരെ റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും പിന്നീട് അറ്റകുറ്റപ്പണികളൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി ആംബുലന്‍സുകളും വിദ്യാര്‍ഥികളും യാത്ര ചെയ്യുന്ന റോഡാണിത്. പത്തുവര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡ് അടിയന്തരമായി പുനര്‍നിര്‍മിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബണ്ട് റോഡ് അടിയന്തിരമായി അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നു മൂര്‍ക്കനാട് മേഖല കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ടി.എം. ധര്മരാജന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. റപ്പായി കോറോത്തുംപറമ്പില്, ചിന്ത ധര്മരാജന്, പി.ഒ. റാഫി, കെ.എ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.