കോന്തിപുലത്ത് സ്ഥിരം തടയണയെന്ന പ്രഖ്യാപനം നടപ്പായില്ല
താത്കാലിക തടയണ പൊട്ടുന്നതു പതിവ്: അഴിമതിയെന്ന് ആക്ഷേപം
മാടായിക്കോണം: കോന്തിപുലം പാലത്തിനു സമീപം കെഎല്‍ഡിസി കനാലില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ താത്കാലിക തടയണ നിര്‍മിച്ചു. കനാലിനു കുറുകെ മുളകള്‍ കുത്തിനിറുത്തി അതിനിടയില്‍ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണു നിറച്ചാണു താത്കാലിക തടയണ നിര്‍മിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്കു ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനാണു വര്‍ഷം തോറും തടയണ നിര്‍മിക്കുന്നത്. താത്കാലിക തടയിണ പ്രയോജനകരമല്ലെന്നു കര്‍ഷകരും നാട്ടുകാരും വിവിധ സംഘടനകളും കാലങ്ങളായി അധികൃതരെ അറിയിച്ചിട്ടും സ്ഥിരം സംവിധാനം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല. താത്കാലിക തടയണക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ധൂര്‍ത്ത് ഇപ്പോഴും തുടരുകയാണ്. തടയണ നിര്‍മാണത്തില്‍ വലിയ അഴിമതിയുണ്ടെന്നു വ്യാപക ആക്ഷേപമുണ്ട്. താത്കാലിക തടയണ പൊട്ടുന്നതും പതിവാണ്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി കെഎല്‍ഡിസി കനാലുകളുടെ ആഴം വര്‍ധിപ്പിച്ചു. കെഎല്‍ഡിസി കനാല്‍ ചെളി വാരി ആഴം കൂട്ടിയതോടെ വെള്ളത്തിന്റെ ഒഴുക്കിനു ശക്തി കൂടി. പാടശേഖരങ്ങളിലേക്കു വെള്ളം ലഭിക്കാതെ നിലങ്ങള്‍ വിണ്ടുകീറി തുടങ്ങിയ അവസ്ഥയിലാണ്. പലയിടത്തും ഞാറ് നടല്‍ കര്‍ഷകര്‍ നീട്ടിവെച്ചിരിക്കുകയാണ്. തോടുകളുടെ ആഴം വര്‍ധിപ്പിച്ചതു ഗുണകരമായെന്നും എന്നാല്‍ നേരത്തേ തന്നെ തടയണ കെട്ടണമെന്ന തങ്ങളുടെ ആവശ്യം പാലിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും കര്‍ഷകര്‍ പറഞ്ഞു. തടയണ അടിയന്തരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മേഖലയിലെ പാടശേഖരങ്ങളില്‍ കൃഷി ഉണങ്ങുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. ലക്ഷങ്ങള്‍ ചെലവഴിച്ചാണു മേജര്‍ ഇറിഗേഷന്‍ വകുപ്പ് വര്‍ഷം തോറും കെഎല്‍ഡിസി കനാലില്‍ താത്കാലിക തടയണ നിര്‍മിക്കുന്നത്. എന്നാല്‍ ഇങ്ങനെ നിര്‍മിക്കുന്ന തടയണ പൊട്ടുന്നതു തുടര്‍ക്കഥയായതോടെ സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിലാണ് കര്‍ഷകര്‍.
പ്രഖ്യാപനത്തിന് ഒരു വര്‍ഷം
2021 ജനുവരി എട്ടിനു ശക്തമായി പെയ്ത മഴയില്‍ വെള്ളം കയറി താത്കാലിക തടയണയുടെ ഒരുഭാഗം തള്ളിപ്പോയിരുന്നു. ഇതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ അന്നത്തെ എംഎല്‍എ കെ.യു. അരുണന് കോന്തിപുലത്തു സ്ഥിരം തടയണ നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയാറാക്കി നല്കാന് മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരേയും ഈ റിപ്പോര്‍ട്ട് ഇറിഗേഷന്‍ വകുപ്പ് തയാറാക്കി നല്‍കിയിട്ടില്ല. സ്ഥലപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് ഇറിഗേഷന്‍ വകുപ്പ് പറയുന്നത്.