ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ നവീകരണം അവസാനഘട്ടത്തില്‍
പൂര്‍ത്തിയാകുന്നത് ശബ്ദക്രമീകരണ സവിശേഷതകളോടെ
ഇരിങ്ങാലക്കുട: നഗരസഭാ ടൗണ്‍ഹാള്‍ നവീകരണപ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക്. ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള രാജീവ്ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളാണ് ശബ്ദക്രമീകരണ സവിശേഷതകളോടെ ആധുനികരീതിയില്‍ നവീകരിക്കുന്നത്. 2019-20 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്. ഇതിനുപുറമേ, ഹാളിന്റെ പുറമെയുള്ള അറ്റകുറ്റപ്പണികള്‍, ടോയ്ലറ്റ് നവീകരണം, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി 15 ലക്ഷത്തോളം രൂപയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ഹാളിനുള്ളില്‍ സംസാരിക്കുമ്പോള്‍ എക്കോ മൂലം ശബ്ദം തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം. ഇത് ഇല്ലാതാക്കി ആധുനികരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് ഹാള്‍ നവീകരിച്ചിരിക്കുന്നത്. പെയിന്റിംഗ്, ചുറ്റുമതില്‍ വൃത്തിയാക്കല്‍, ടൗണ്‍ ഹാള്‍ അങ്കണത്തില്‍ വിരിച്ച കട്ടകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നഗരസഭ ടൗണ്‍ഹാള്‍ നവീകരണത്തിന്റെ ഭാഗമായി അവസാനഘട്ടത്തിലുള്ളത്. അടുത്തമാസം ഉദ്ഘാടനം നടത്താനാണ് നീക്കം.